'ശ്രീരാമന്റെ താടിയും മുടിയും രാമായണത്തിലേത് പോലല്ല'; ആദിപുരുഷിനെതിരെ ഹിന്ദുസേനയുടെ ഹര്‍ജി
ഡല്‍ഹി: പ്രഭാസ് നായകനായ ഓം റൗട്ടിന്റെ ആദിപുരുഷ് സിനിമയ്‌ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹിന്ദു സേന. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹിന്ദുസേന ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. രാമായണത്തെയും ശ്രീരാമനെയും ഹിന്ദു സംസ്‌കാരത്തെയും പരിഹസിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
രാമായണത്തില്‍ സൂചിപ്പിച്ചിട്ടുള്ള മതപരമായ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിന് വിരുദ്ധമായ രംഗങ്ങളാണ് സിനിമയിലുള്ളത് എന്ന് ഹര്‍ജിയില്‍ പറയുന്നു. 'രാമന്റെയും സീതയുടെയും ഹനുമാന്റെയും പ്രതിച്ഛായയെക്കുറിച്ച് ഹിന്ദുക്കള്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി അവരെ ചിത്രീകരിക്കാനുള്ള സിനിമാ നിര്‍മാതാക്കളുടെ ഏതൊരു ശ്രമവും മൗലികാവകാശങ്ങളിലേക്കുള്ള ലംഘനമാണ്', ഹര്‍ജിയില്‍ പറയുന്നു.

സിനിമയിലെ രംഗങ്ങള്‍ ഹിന്ദു നാഗരികതയെയും ഹിന്ദുബിംബങ്ങളേയും വിഗ്രഹങ്ങളെയും അപമാനിക്കുന്നതാണെന്നും ഹിന്ദുസേന കുറ്റപ്പെടുത്തി. ഈ കഥാപാത്രങ്ങളുടെ മുടിയുടെ ശൈലിയും താടിയും വസ്ത്രധാരണവും എല്ലാം പുരാണങ്ങളില്‍ നന്നായി നിര്‍വചിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള വ്യതിയാനം ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തും എന്നും ഇത് തിരുത്താന്‍ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെടണം എന്നും ഹര്‍ജിയില്‍ പറയുന്നു.
ആദിപുരുഷ് എന്ന സിനിമയിലൂടെ കാണിക്കുന്ന ഹിന്ദുമത വ്യക്തിത്വങ്ങളുടെ വികലമായ പ്രദര്‍ശനം ആര്‍ട്ടിക്കിള്‍ 26 പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഹര്‍ജിയിലുണ്ട്. ആദിപുരുഷിന്റെ ടീസര്‍ ഇറങ്ങിയതു മുതല്‍ പലകുറി വിവാദത്തില്‍പ്പെട്ടിരുന്നു. അതേസമയം മതവികാരം വ്രണപ്പെടുത്താതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു.
അതിനിടെ സീത ഇന്ത്യയുടെ മകളാണെന്ന സിനിമയിലെ സംഭാഷണത്തിനെതിരെ കാഠ്മണ്ഡു മേയര്‍ രംഗത്തെത്തി. സീത നേപ്പാളിന്റെ മകളാണെന്നും ഈ സംഭാഷണം തിരുത്തിയില്ലെങ്കില്‍ കാഠ്മണ്ഡുവില്‍ എല്ലാ ഇന്ത്യന്‍ സിനിമകളും നിരോധിക്കുമെന്ന് മേയര്‍ ബലേന്‍ ഷാ ഭീഷണിപ്പെടുത്തി. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി എത്തുന്ന ത്രീഡിയിലുള്ള ചിത്രം ഇന്നാണ് റിലീസ് ചെയ്തത്.
700 കോടിയോളം ബജറ്റില്‍ ഒരുക്കിയ ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തോടെയാണ് ആദിപുരുഷ് ഇന്ന് തിയറ്ററുകളിലെത്തിയത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനുമാണ് വേഷമിടുന്നത്. നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടും എന്ന പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഒരു സീറ്റ് ഒഴിച്ചിടുന്നത്.












Click it and Unblock the Notifications