ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്ക് മുന്നിൽ കാവി പതാക ഉയർത്തി ഹിന്ദുസേന
ഡൽഹി; ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്ക് മുന്നിൽ കാവി പതാക സ്ഥാപിച്ച് വലതുപക്ഷ സംഘടനയായ ഹിന്ദുസേന. ഏപ്രിൽ 15 വെള്ളിയാഴ്ചയാണ് യൂണിവേഴ്സിറ്റിയുടെ പ്രധാന കവാടത്തിന് മുന്നിൽ ഹിന്ദു സേന പതാക സ്ഥാപിച്ചത്. "ഭഗവ ജെഎൻയു" (കുങ്കുമം ജെഎൻയു) എന്നെഴുതിയ പോസ്റ്ററുകൾ കാമ്പസിന് ചുറ്റും ഒട്ടിച്ചതായും സംഘടന അവകാശപ്പെടുന്നു.
ഏപ്രിൽ 10 രാമനവമി ദിനത്തിൽ ഇടതുപക്ഷ വിദ്യാർത്ഥികളും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നോൻ വെജിറ്റേറിയൻ ഭക്ഷണം നൽകരുത് എന്ന പേരിൽ ആയിരുന്നു രാമനവമി ദിവസം ഇവിടെ സംഘർഷം നടന്നത്. ഉത്സവം ആഘോഷിക്കുന്നതിന് ഇടത് വിദ്യാർഥികൾ തടസം നിൽക്കുന്നുവെന്ന് എബിവിപി അംഗങ്ങൾ പറഞ്ഞു. എന്നാൽ എബിവിപി ഗുണ്ടകൾ വിദ്യാർത്ഥികളുടെ മേൽ അവരുടെ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കുകയായിരുന്നു എന്ന് ഇടത് വിദ്യാർഥികൾ ആരോപിച്ചു.

എബിവിപിക്കാർ ഇറച്ചി വിതരണക്കാരെ ഭീഷണിപ്പെടുത്തി ചിക്കൻ സാധനങ്ങൾ തിരിച്ചയച്ചതിനാലാണ് ഹോസ്റ്റലിൽ പകുതിയോളം പേർക്ക് അത്താഴം മുടങ്ങിയത്. ഇതേ തുടർന്ന് വാർഡനെയും മെസ് സൂപ്പർവൈസറെയും കാണാൻ പോയ ഞങ്ങളെ എബിവിപി ഗുണ്ടകൾ തടഞ്ഞുവെന്നും ഹോസ്റ്റൽ പ്രസിഡന്റ് പറഞ്ഞു. പിന്നീട് ഭക്ഷണത്തിന്റെ പേരിൽ ജെഎൻയു കാമ്പസിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നിരുന്നാലും നിരവധി പേർക്ക് പരിക്കേറ്റതായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ട്.
വിദ്യാർത്ഥികളുടെ പരാതിയിൽ തിരിച്ചറിയാത്ത ചില എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എബിവിപിക്കാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാരീരിക അവശതകൾ ഉണ്ടായിരുന്നിട്ടും ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികളിലൊരാൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജെഎൻയു ഭരണകൂടം സ്വതന്ത്ര അന്വേഷണം ആരംഭിക്കുകയും സംഭവത്തിൽ നടപടിയെടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിദ്യാർത്ഥികളോട് സമാധാനം പാലിക്കണമെന്നും സർവകലാശാല അഭ്യർത്ഥിച്ചു.
അതേ സമയം യൂണിവേഴ്സിറ്റിക്ക് മുന്നിൽ സ്ഥാപിച്ച പതാകകൾ ഉടനടി നീക്കം ചെയ്തതായി ഡിസിപി സൗത്ത് വെസ്റ്റ് മനോജ് സി വെള്ളിയാഴ്ച പറഞ്ഞു. "ഇന്ന്, ജെഎൻയുവിന് ചുറ്റുമുള്ള റോഡിൽ ചില കൊടികളും ബാനറുകളും സ്ഥാപിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവ ഉടനടി നീക്കം ചെയ്യുകയും ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്തു," ടെലിവിഷൻ ചീനലിൽ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications