70 ഹിന്ദുക്കളെ മതംമാറ്റി ക്രിസ്ത്യാനികളാക്കി
ലഖ്‌നൊ: ഘര്‍ വാപസിയില്‍ നിന്നും സംഘപരിവാര്‍ സംഘടനകള്‍ പിന്മാറിയെങ്കിലും മതംമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഉത്തര്‍ പ്രദേശിലെ ബറൈച്ച് ജില്ലയില്‍ 70 ഹിന്ദുക്കളെ മതം മാറ്റി ക്രിസ്ത്യാനികളാക്കി എന്നാണ് റിപ്പോര്‍ട്ട്. ജില്ലാ അധികാരികള്‍ സംഭവം അന്വേഷിക്കുകയാണ്. സംഭവവുമായി ബന്ധപ്പെച്ച് ഇന്ത്യ ഹോപ് സെന്റര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.
ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ കമാല്‍പുരി ഗ്രാമത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ആളുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി അധികാരികള്‍ പറഞ്ഞു. സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനായി ഗ്രാമത്തിലേക്ക് ബന്ധപ്പെട്ടവരെ അയച്ചിട്ടുണ്ട്. മതപരിവര്‍ത്തനം ജില്ലാ ഭരണകൂടം വളരെ ഗൗരവമായാണ് കാണുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സത്യേന്ദ്ര കുമാര്‍ പറഞ്ഞു.

ഇന്ത്യാ ഹോപ് സെന്ററിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് ക്യാംപ് ചെയ്തുവരികയാണ്. ഇവര്‍ ഗ്രാമവാസികള്‍ക്ക് ലഘുലേഖകളും മറ്റും വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യ ഹോപ് സെന്ററിന്റെ ഭാരവാഹികളെ അന്വേഷിക്കുകയാണ് പോലീസ്. ലല്ലാന്‍, ഭാനിറാം, അമര്‍ജീത്, ഹാപ്പി, ശ്യാംലാല്‍, ജവഹര്‍ലാല്‍, ബെഞ്ചന്‍ പ്രസാദ് തുടങ്ങിയ ഗ്രാമവാസികളെയാണത്രെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്.
പരിവര്‍ത്തനം നടത്തിയവര്‍ കുരിശുമാലയും മറ്റും അണിഞ്ഞാണ്‍ ഗ്രാമത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. പോലീസിനെ പേടിച്ച് ഇവരില്‍ പലരും ഒളിവിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മാത്രമാണോ പ്രശ്‌നം, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു - ബി ജെ പി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.












Click it and Unblock the Notifications