ഹിന്ദുക്കൾ മുസ്ലീങ്ങൾക്കിടയിൽ സുരക്ഷിതരല്ല; വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ്
വിദ്വേഷ പരാമർശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദു കുടുംബങ്ങൾ ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. എന്നാൽ ഹിന്ദുക്കൾക്കിടയിൽ മുസ്ലീങ്ങൾ സുരക്ഷിതമായിരിക്കുമെന്നും യോഗി പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
'100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതമായിരിക്കും. തങ്ങളുടെ മതപരമായ ആചാരങ്ങളെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാകും. എന്നാൽ 50 ഹിന്ദു കുടുംബങ്ങൾ മുസ്ലീം കുടുംബങ്ങൾക്കിടയിൽ സുരക്ഷിതമായിരിക്കുമോ? ഇല്ല, ബംഗ്ലാദേശ് അതിന് ഉദാഹരണമാണ്. ഇതിന് മുൻപ് പാക്കിസ്ഥാൻ ഒരു ഉദാഹരണമാണ്.

ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ലീങ്ങളും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയിൽ കലാപങ്ങൾ നടന്നിട്ടുണ്ടെങ്കിൽ, ഹിന്ദു കടകൾ കത്തുന്നുണ്ടെങ്കിൽ, മുസ്ലീം കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകൾ കത്തുന്നുണ്ടെങ്കിൽ മുസ്ലീം വീടുകളും കത്തുമായിരുന്നു. 2017 ന് ശേഷം കലാപങ്ങൾ നിലച്ചു', യോഗി ആദിത്യനാഥ് പറഞ്ഞു.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്നുവരുന്ന ക്ഷേത്രം-പള്ളി തർക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അഭിമുഖത്തിൽ യോഗി ആദിത്യനാഥ് മറുപടി നൽകി. ഹിന്ദുക്കളുടെ സ്ഥലത്താണ് മുസ്ലീങ്ങൾ പള്ളികൾ നിർമ്മിച്ചതെന്നും ഇത് മുസ്ലീങ്ങളുടെ തത്വങ്ങൾക്ക് എതിരാണെന്നും യോഗി പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിനുശേഷം നിർമ്മിക്കുന്ന ആരാധനാലയങ്ങൾ ദൈവം അംഗീകരിക്കുന്നില്ല എന്നാണ് മുസ്ലീങ്ങൾ പറയുന്നത്. പിന്നെങ്ങനെയാണ് അവർ ക്ഷേത്രം പണിഞ്ഞത്? യുപിയിലെ തർക്കഭൂമികളിലൊന്നായ സാംബലിലിൽ കഴിയുന്നത്രയും ക്ഷേത്രങ്ങൾ പുനഃരുദ്ധാരണം ചെയ്യും. സാംബലിൽ 64 തീർത്ഥാടന കേന്ദ്രങ്ങളുണ്ട്, അതിൽ 54 എണ്ണം ഞങ്ങൾ കണ്ടെത്തി. എന്തുതന്നെയായാലും ഞങ്ങൾ ബാക്കിയും കണ്ടെത്തും. സാംബലിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ ലോകത്തോട് പറയും, സത്യം കാണാൻ കണ്ണുള്ളവർ അത് തിരിച്ചറിയും, എന്താണ് സംഭലിൽ നടന്നതെന്ന് അവർ കാണട്ടെ', യോഗി പറഞ്ഞു.
'ലോകത്തിലെ ഏറ്റവും പുരാതനമായ മതവും സംസ്കാരവുമാണ് സനാതൻ ധർമ്മം. അതിന്റെ പേരിൽ നിന്ന് തന്നെ നിങ്ങൾക്ക് ഊഹിക്കാം .സനാതൻ ധർമ്മ അനുയായികൾ മറ്റുള്ളവരെ അവരുടെ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ല. എന്നാൽ അവർ എന്താണ് നേരിട്ടത്. പകരമായി അവർക്ക് എന്താണ് ലഭിച്ചത്? ലോകത്ത് എവിടേയെങ്കിലും ഹിന്ദു രാജാക്കൻമാർ അവരുടെ ശക്തി ഉപയോഗിച്ച് ഏതെങ്കിലും സ്ഥലങ്ങൾ സ്വന്തം അധീനതയിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?', യോഗി ചോദിച്ചു.












Click it and Unblock the Notifications