നിതീഷിന് കനത്ത തിരിച്ചടി; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി
പാട്‌ന: ബീഹാറിലെ മഹാഗത്ബന്ധന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെ ഡി യുവുമായി ഭിന്നതയിലായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും ഇത് സംബന്ധിച്ച കത്ത് നല്‍കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയതായും ജിതന്‍ റാ മാഞ്ചിയുടെ മകന്‍ സന്തോഷ് സുമന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സന്തോഷ് സുമന്‍ തന്റെ മന്ത്രിസ്ഥാനം രാജി വെച്ചത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ ജെ ഡി യുവില്‍ ലയിപ്പിക്കാന്‍ നിതീഷ് കുമാര്‍ നീക്കം നടത്തുന്നു എന്നാരോപിച്ചായിരുന്നു സന്തോഷ് സുമന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. ഇതിന് പിന്നാലെ ഭാവി നടപടികളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടിവ് അദ്ദേഹത്തിന് അധികാരം നല്‍കിയിരുന്നു.

ഡല്‍ഹിയിലേക്ക് അധികം വൈകാതെ പോകുമെന്നും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ ക്ഷണം നീട്ടിയാല്‍ അത് പരിഗണിക്കാന്‍ തയ്യാറാണെന്നും സന്തോഷ് സുമന്‍ പറഞ്ഞു. മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള ഓപ്ഷനും തങ്ങള്‍ തുറന്ന് വെച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
നേരത്തെ നിതീഷ് കുമാര്‍ വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ യോഗത്തിന് ക്ഷണം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച തലവന്‍ ജിതന്‍ റാം മാഞ്ചി രംഗത്തെത്തിയിരുന്നു. അതിനിടെ ജിതന്‍ റാം മാഞ്ചിയും പാര്‍ട്ടിയും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ട് എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
ബി ജെ പിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന മാഞ്ചി മഹാഗത്ബന്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്‌തെന്നും നിതീഷ് ആരോപിച്ചിരുന്നു. ഇതിനാല്‍ ജെ ഡി യുവില്‍ ലയിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2015 ല്‍ രൂപീകൃതമായ ഹിന്ദുസ്ഥാനിന്‍ അവാം മോര്‍ച്ച കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നിരവധി തവണ മുന്നണി മാറിയിട്ടുണ്ട്.
ജെ ഡി യു, എന്‍ ഡി എ വിട്ടതിന് പിന്നാലെയാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും മഹാഗത്ബന്ധന്റെ ഭാഗമായത്. ബീഹാര്‍ നിയമസഭയില്‍ നാല് എം എല്‍ എമാരാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കുള്ളത്. 243 അംഗ നിയമസഭയില്‍ മഹാഗത്ബന്ധന് 160 ഓളം എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നിവയെ കൂടാതെ മൂന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുന്നുമുണ്ട്.












Click it and Unblock the Notifications