സല്‍മാന് 5 വര്‍ഷം; സമാന കേസില്‍ മറ്റൊരു താരത്തിന് പിഴമാത്രം
മുംബൈ: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവുശിക്ഷ. എന്നാല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ ബോളിവുഡിലെ വെറ്ററന്‍ താരം രാജ്കുമാറിന്റെ മകനും ബോളിവുഡ് താരവുമായ പുരു രാജ്കുമാറിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴമാത്രം.
രണ്ടു സംഭവങ്ങള്‍ക്കും സമാനതകള്‍ ഏറെയുണ്ട്. 1993ലാണ് പുരു രാജ്കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മദ്യപിച്ച താരത്തിന്റെ കാര്‍ മുംബൈയില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അന്ന് രണ്ടു പേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സല്‍മാന്‍ ഖാന്റെ കാറും വഴിയരികിലുള്ള ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുരു രാജ്കുമാറിന്റെ അപകടത്തില്‍ അദ്ദേഹത്തിന് നല്‍കേണ്ടിവന്നത് ഒരു ലക്ഷം രൂപ പിഴമാത്രമാണ്. വിചാരണയോ കേസോ കോടതിയോ അയാളെ ബാധിച്ചില്ല. എന്നാല്‍ സല്‍മാന്‍ ഖാന്‍ ആവട്ടെ തുടക്കം മുതല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. നരഹത്യയ്ക്കായിരുന്നു കേസ് ചാര്‍ജ് ചെയ്തിരുന്നത്. 13 വര്‍ഷം കേസ് അന്വേഷണവും വിചാരണയുമൊക്കെയായി ഒടുവില്‍ 5 വര്‍ഷം തടവു ശിക്ഷയും ലഭിച്ചു.
സല്‍മാന്‍ ഖാനെ അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പുരു രാജ്കുമാറിനെ അത്തരം പരിശോധനകള്‍ക്കൊന്നും അന്നത്തെ പോലീസ് നിര്‍ബന്ധിച്ചിരുന്നില്ല. സമാന രീതിയിലുള്ള കേസുകളില്‍ വ്യത്യസ്ത രീതിയില്‍ നീതി നടപ്പാക്കിയത് നിയമ വിദഗ്ധരില്‍ അടക്കം ചര്‍ച്ച ചെയ്യപ്പെടുകയാണ്.












Click it and Unblock the Notifications