ഡാനിഷ് കീഴടങ്ങിയത് മരണം ഭയന്ന്!! വൈറല്‍ വീഡിയോ യുവാവിനെ കുരുക്കി, സംഭവിച്ചത് ഇങ്ങനെ
ശ്രീനഗർ: ഹിസ്ബുൾ ഭീകരന് കീഴടങ്ങിയത് മരണം ഭയന്നെന്ന് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ ത്രാലിൽ വച്ച് സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡോ സബ്സർ ഭട്ടിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഡാനിഷ് അഹമ്മദാണ് ഹന്ദ്വാരാ പോലീസില്‍ കീഴടങ്ങിയിട്ടുള്ളത്. ഹന്ദ്വാരാ സ്വദേശിയായ ഡാനിഷ് അഹമ്മദ് ഡെറാഡൂണിലെ ഡൂൺ പിജി കോളേജ് ഓഫ് അഗ്രികള്‍ച്ചർ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ് ഡാനിഷെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സബ്സർ ഭട്ടിന്റെ മരണാനന്തര ചടങ്ങിനിടെ ലോക്കൽ ടിവി ചാനലുകൾ പകർത്തിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഡാനിഷിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് 22 കാരനായ യുവാവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഗ്രനേഡ് ഉൾപ്പെടെയുള്ള ആയുധങ്ങള്‍ കയ്യിലേന്തിയായിരുന്നു ഡാനിഷ് സബ്സറിന്റെ മരണാനന്തര ചടങ്ങിനെത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
2016ൽ ഹന്ദ്വാരയിൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലും യുവാവിന് പങ്കുണ്ട്. എന്നാൽ പിന്നീട് പോലീസ് കൗൺസിലിംഗ് നൽകിയ ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങളിൽ ഡാനിഷിന്റെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് കുടുംബാംഗങ്ങളെ സമീപിച്ചാണ് യുവാവിനോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നത്. രക്ഷിതാക്കൾക്ക് പോലീസ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ്, 21 രാഷ്ട്രീയ റൈഫിള്‍സ് എന്നീ
സേനകള്‍ക്ക് മുമ്പാകെ യുവാവ് കീഴടങ്ങുന്നത്. നിയമത്തിന് സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നാണ് പോലീസ് നൽകിയ ഉറപ്പ്.