ബെംഗളൂരുവില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ അറസ്റ്റില്‍; സിസിടിവി ദൃശ്യം പുറത്ത്
ബെംഗളൂരു: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീന്റെ കമാന്റര്‍ താലിബ് ഹുസൈന്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ പോലീസ് കര്‍ണാടകയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടക പോലീസിന്റെ സഹായത്തോടെ രഹസ്യമായിട്ടായിരുന്നു നീക്കം. ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറായിട്ടാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കശ്മീര്‍ താഴ്‌വരയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്.
താലിബിനെ അറസ്റ്റ് ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ മാധ്യമങ്ങളോട് പ്രതികരിച്ചു. ഓരോ വ്യക്തികളുടെയും നീക്കം പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സമാനമായ അറസ്റ്റ് ഭട്കലിലും നടന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കശ്മീര്‍ താഴ്‌വരിയില്‍ അടുത്തിടെയായി പണ്ഡിറ്റുകള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടക്കുന്നുണ്ട്. രാഹുല്‍ ഭട്ട്, വിജയ് കുമാര്‍ എന്നിവരെല്ലാം കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് പിന്നില്‍ തീവ്രവാദികളാണ് എന്ന് പോലീസ് പറയുന്നു. ചില തീവ്രവാദികളെ പോലീസ് വെടിവച്ചു കൊല്ലുകയും ചെയ്തു. വിജയ് കുമാര്‍ കേസിലെ പ്രതികളെ ഇതുവരെ കിട്ടിയിട്ടില്ലെന്നും വൈകാതെ പിടിക്കുമെന്നും കശ്മീര്‍ ഐജി പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള വിജയ് കുമാര്‍ കശ്മീരിലെ കുല്‍ഗാമില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ബാങ്ക് മാനേജരായ ഇയാളെ ഓഫീസിന് പുറത്തുവച്ച് തീവ്രവാദികള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ടെലിവിഷന്‍ കലാകാരനായ ഭട്ടിനെ ബദ്ഗാമില്‍ വച്ചാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.
പ്രതികളെ പിടികൂടാനുള്ള എല്ലാ ശ്രമവും നടത്തിവരികയാണ് കശ്മീര്‍ പോലീസ്. മേഖലയില്‍ നിന്ന് അപ്രത്യക്ഷരായവരുടെ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. അതിനിടെയാണ് താലിബ് ഹുസൈന്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല. ഓട്ടോ ഡ്രൈവറായിട്ടാണ് പ്രതി ബെംഗളൂരുവില്‍ താമസിച്ചിരുന്നത് എന്ന് പോലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് നടന്നത്. പ്രതിയുമായി പോലീസ് നടന്നുപോകുന്നതും പിന്നീട് വാഹനത്തില്‍ കയറുന്നതുമായ സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications