ചെന്നൈയിലും എച്ച്എംപിവി, രണ്ട് കുട്ടികള്‍ക്ക് പോസിറ്റീവ്; ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം അഞ്ചായി
ചെന്നൈ: ഇന്ത്യയില്‍ വീണ്ടും ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ രണ്ട് കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് അഞ്ച് പേരില്‍ ആണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പനി, ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുമായി ഒരു കുട്ടിയെ ചെന്നൈയിലെ സെംബിയം ഏരിയയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതാണ് ചെന്നൈയില്‍ സ്ഥിരീകരിച്ച ആദ്യ കേസ്. രോഗനിര്‍ണയ പരിശോധനകള്‍ക്ക് ശേഷം കുട്ടിക്ക് എച്ച്എംപിവി ബാധിച്ചതായി സ്ഥിരീകരിച്ചു. പിന്നാലെ ഗിണ്ടിയിലെ ഒരു സ്വകാര്യ ശിശുരോഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു കുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് കുട്ടികളും സമാനമായ രോഗലക്ഷണങ്ങളാണ് പ്രകടിപ്പിച്ചത്.

തുടക്കത്തില്‍ സാധാരണ സീസണല്‍ രോഗങ്ങളായാണ് പരിഗണിച്ചതെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ എച്ച്എംപിവി ആണെന്ന് ഉറപ്പിക്കുകയായിരുന്നു. രണ്ട് കുട്ടികളും നിരന്തര മെഡിക്കല്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്തതായും കുട്ടികള്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായും മെഡിക്കല്‍ ടീമുകള്‍ അറിയിച്ചു.
വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ ആരോഗ്യ അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്നാണ് ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി സ്ഥിരീകരിച്ചത്. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി വൈറസ് ആദ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്നാണ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലും പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും കൂടി രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ നിന്ന് സര്‍വാറിലേക്ക് എത്തിയ 2 മാസം പ്രായമുള്ള കുട്ടിയിലാണ് ഗുജറാത്തിലെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ സര്‍വാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ഈ കുഞ്ഞ്. അടുത്തിടെ വിമാനത്തില്‍ മുംബൈയില്‍ നിന്ന് കുടുംബം കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്തിരുന്നു. ഇതിന് പിന്നാലെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാംപിള്‍ പരിശോധനയ്ക്ക് ശേഷം എച്ച്എംപിവി വൈറസിന്റെ അംശം കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications