ഇനി ആഭ്യന്തരം ബിജെപി ഭരിക്കും: 20 വർഷത്തിനിടെ ആദ്യമായി സുപ്രധാന വകുപ്പ് കൈവിട്ട് നിതീഷ്
ബിഹാർ മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് വന്‍ നഷ്ടം. കഴിഞ്ഞ 20 വർഷമായി മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈവശം വച്ചിരുന്ന ആഭ്യന്തര വകുപ്പ് ഇത്തവണ ബി ജെ പിയുടെ സമ്രാട്ട് ചൗധരിക്ക് വിട്ടുകൊടുത്തു. ബിഹാറിലെ എൻ ഡി എ സർക്കാരിൽ ബി ജെ പിക്ക് ഇത് ആദ്യമായാണ് ആഭ്യന്തര വകുപ്പ് ലഭിക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പിയേക്കാള്‍ പകുതിയോളം സീറ്റ് മാത്രം ജെ ഡി യു നേടിയിട്ടും ആഭ്യന്തര വകുപ്പ് നീതിഷിന് തന്നെ ലഭിച്ചിരുന്നു.
വ്യാഴാഴ്ച ഗാന്ധി മൈതാനിയിൽ നടന്ന ഭംഗിയേറിയ ചടങ്ങിൽ 26 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് വൈകുന്നേരമാണ് ബി ജെ പി മന്ത്രിമാർക്കുള്ള 18 പ്രധാന വകുപ്പുകൾ പ്രഖ്യാപിച്ചത്. ജെ ഡി(യു) മന്ത്രിമാർക്കുള്ള വകുപ്പുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ധനകാര്യം, ഗതാഗതം തുടങ്ങിയ നിർണായക വകുപ്പുകൾ ഇപ്പോഴും നിതീഷിന്റെ കൈവശമാണ്.

പ്രധാന വകുപ്പുകൾ - പൂർണ പട്ടിക
ബിജെപി മന്ത്രിമാർക്ക് ലഭിച്ച വകുപ്പുകൾ
- സമ്രാട്ട് ചൗധരി - ആഭ്യന്തര മന്ത്രാലയം
- വിജയ് കുമാർ സിൻഹ - റവന്യൂ & ലാൻഡ് റിഫോംസ്, ഖനനം & ഭൂഗർഭശാസ്ത്രം
- മംഗൽ പാണ്ഡേ - ആരോഗ്യം, നിയമം
- ദിലീപ് ജയ്സ്വാൾ - വ്യവസായം
- നിതിൻ നവീൻ - റോഡ് നിർമാണം, നഗരവികസനം & പാർപ്പിടം
- രാംക്യാപാൽ യാദവ് - കൃഷി
- സഞ്ജയ് ടൈഗർ - തൊഴിൽ വിഭവങ്ങൾ
- അരുൺ ശങ്കർ പ്രസാദ് - ടൂറിസം, കല-സംസ്കാരം & യുവജനക്ഷേമം
- സുരേന്ദ്ര മെഹ്ത - മൃഗസംരക്ഷണം & മത്സ്യബന്ധനം
- നാരായൺ പ്രസാദ് - ദുരന്ത നിവാരണം
- രാമ നിഷാദ് - പിന്നോക്ക-അതിപിന്നോക്ക ക്ഷേമം
- ലഖേദാർ പസ്വാൻ - പട്ടികജാതി-പട്ടികവർഗ ക്ഷേമം
- ശ്രേയസി സിംഗ് - വാർത്താവിതരണ-പ്രക്ഷേപണം, കായികം
- പ്രമോദ് ചന്ദ്രവംശി - സഹകരണം, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാനം
മറ്റ് സഖ്യകക്ഷികൾ
- എൽജെപി (റാംവിലാസ്) - കരിമ്പ് വ്യവസായം, പൊതു ആരോഗ്യ എഞ്ചിനീയറിംഗ്
- ഹിന്ദുസ്ഥാനി അവാം മോർച്ച (HAM) - ജലവിഭവ വകുപ്പ്
- റാഷ്ട്രീയ ലോക് മോർച്ച (RLM) - പഞ്ചായത്ത് രാജ്
എട്ട് ജെഡി(യു) മന്ത്രിമാർക്കുള്ള വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയം ബി ജെ പിക്ക് കിട്ടിയത് ബിഹാർ സഖ്യരാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. 2005 മുതൽ നിതീഷ് കുമാർ തന്നെ കൈവശം വച്ചിരുന്ന പോലീസ്, ക്രമസമാധാനം, ജയിൽ വകുപ്പ് തുടങ്ങിയവയെല്ലാം ഇനി ബി ജെ പിയുടെ നിയന്ത്രണത്തിന് കീഴിലാകും. ബിഹാറിലെ ബി ജെ പിയുടെ ശക്തി വർധിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയായിട്ടും വകുപ്പ് വിഭജനം വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications