തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ; നിങ്ങളെ തേടിപ്പിടിച്ച് ഇല്ലാതാക്കും: ലോകം ഇന്ത്യക്കൊപ്പം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു തീവ്രവാദിയെയും വെറുതെ വിടില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണം
നടത്തിയവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കുമെന്നും ഭീകരവാദത്തെ വേരോടെ പിഴുതെറിയാതെ മോദി സര്‍ക്കാരിന് വിശ്രമമില്ലെന്നും അമിത് ഷാ മുന്നറിയിപ്പു നല്‍കി. അസമിലെ ബോഡോ സമുദായത്തിന്റെ നേതാവായ ഉപേന്ദ്രനാഥ് ബ്രഹ്‌മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി ഇല്ലാതാക്കും. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രിയും സമാനമായ രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരര്‍ക്കും ഭീകരരെ പിന്തുണച്ചവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അമിത് ഷായുടെ വാക്കുകള്‍: 'പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊന്നതിലൂടെ നിങ്ങള്‍ വിജയിച്ചു എന്ന് കരുതരുത്. നിങ്ങളില്‍ ഓരോരുത്തരും അതിന് ഉത്തരം പറയേണ്ടി വരും. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും. ഭീകരര്‍ക്ക് ഏറ്റവും മോശം അവസ്ഥയാണ് ഇനി വരാനിരിക്കുന്നത്.
ഭീകരര്‍ക്കെതിരെ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. ഇത്തരമൊരു ഭീരുത്വം നിറഞ്ഞ ആക്രമണം നടത്തി രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റി. ഇത് നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ്. ഞങ്ങള്‍ ആരെയും വെറുതെ വിടില്ല. ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും തീവ്രവാദം തുടച്ചുനീക്കപ്പെടും. 140 കോടി ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇന്ത്യയോടൊപ്പമുണ്ട്. തീവ്രവാദം അവസാനിക്കുന്നത് വരെ, ഞങ്ങളുടെ പോരാട്ടം തുടരും. ഇത് ചെയ്തവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ കര, നാവിക, വ്യോമ സേനകള്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതും സംഘര്‍ഷ സാധ്യത വഷളാക്കുന്നുണ്ട്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലും കരസേന ജാഗ്രത തുടരുന്നുണ്ട്.
അതിനിടെ, പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വന്‍ ആയുധ ശേഖരം സുരക്ഷാ സേന കണ്ടെത്തിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. കാശ്മീരില്‍ ഭീകരരെന്നു സംശയിക്കുന്ന പത്തിലേറെ പേരുടെ വീടുകള്‍ തകര്‍ത്തു.
പാകിസ്ഥാനെതിരേയുള്ള തിരിച്ചടിക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. സൈനികമായുള്ള തിരിച്ചടിക്കു പുറമേ നയതന്ത്ര തലത്തിലും പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിക്കഴിഞ്ഞു. ഇന്ത്യയുടെ തിരിച്ചടികളില്‍ പ്രതിരോധത്തിലായ പാകിസ്ഥാനും തിരിച്ചടിക്കുള്ള സാധ്യതകള്‍ തേടുന്നുണ്ട്.
ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സംഘര്‍ഷ സാധ്യത നിയന്ത്രിക്കണമെന്നും ഐക്യരാഷ്ട്ര സഭയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ മാനിക്കുന്നതിനൊപ്പം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയും അറിയിച്ചു.
ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിലെ പാക് പൗരന്മാരോട് ഇന്ത്യ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയും പാകിസ്ഥാനിലുള്ള ഇന്ത്യക്കാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാര്‍ക്കു നല്‍കി വന്നിരുന്ന വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications