ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍; ആത്മഹത്യാ ശ്രമമെന്ന് അഭ്യൂഹം
മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍. പോലീസ് കസ്റ്റഡിയിലായിരുന്ന ഇന്ദ്രാണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇന്ദ്രാണി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്.
അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നതാവാം അബോധാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജെജെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇന്ദ്രാണി നിരീക്ഷണത്തിലാണ്. ഷീന ബോറ കൊലക്കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. ഈ ആഴ്ച ആദ്യമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാവര്‍ റായി എന്നിവരെ പ്രതികളാക്കി സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇവരെ സിബിഐ ചോദ്യം ചെയ്യാനിക്കെയാണ് ഇന്ദ്രാണി ആശുപത്രിയിലായിരിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി.
2012ല്‍ കാണാതായ ഇന്ദ്രാണിയുടെ മകള്‍ കൊല്ലപ്പെട്ടതാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് പോലീസ് കേസ് അന്വേഷിച്ചു തുടങ്ങിയത്. ഇന്ദ്രാണിയുടെ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറാണ് ഇന്ദ്രാണിക്കും സഞ്ജീവ് ഖന്നയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications