നോട്ട് നിരോധനത്തില്‍ പണികിട്ടി കേന്ദ്രമന്ത്രിയും! മന്ത്രിയുമറിഞ്ഞു സാധാരണക്കാരന്റെ ബുദ്ധിമുട്ട്
നോട്ട് നിരോധനത്തില്‍ വലഞ്ഞ് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ. ആശുപത്രി അധികൃതര്‍ അസാധുവാക്കിയ പണം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍റെ മൃതദേഹം വിട്ടു കിട്ടാന്‍ മന്ത്രി ചെക്ക് നല്‍കി.
മംഗലൂരു : 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ ഉണ്ടായ ബുദ്ധിമുട്ടുകളില്‍ വലഞ്ഞത് സാധാരണക്കാര്‍ മാത്രമല്ല. കേന്ദ്രമന്ത്രിക്കും നോട്ട് നിരോധനം പാരയായി. കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡയാണ് നോട്ട് നിരോധനത്തെ തുടര്‍ന്ന് വലഞ്ഞത്. ഇതാദ്യമായിട്ടാണ് മന്ത്രിക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായതും.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ച സഹോദരന്റെ മൃതദേഹം വിട്ടു കിട്ടുന്നതിന് പണം അടയ്ക്കാനെത്തിയപ്പോഴാണ് മന്ത്രി വലഞ്ഞത്. അസാധുവാക്കിയ നോട്ടാണ് സദാനന്ദ ഗൗഡ കൊണ്ടു വന്നത്. എന്നാല്‍ ഈ നോട്ട് സ്വീകരിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മന്ത്രിയും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ആശുപത്രികള്‍ക്ക് പഴയ നോട്ട് സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ അത്തരത്തിലൊരു നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആശുപത്രിക്കാരും പറഞ്ഞു.
തുടര്‍ന്ന് മന്ത്രി ചെക്ക് നല്‍കുകയായിരുന്നു. നോട്ട് സ്വീകരിക്കാത്ത കാര്യം എഴുതി നല്‍കണമെും മന്ത്രി ആവശ്യപ്പെട്ടു. 24 വരെ ആശുപത്രികളില്‍ അസാധുവാക്കിയ നോട്ട് സ്വീകരിക്കാമെന്ന ഇളവ് കേന്ദ്രം നല്‍കിയിരിക്കെ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളുടെ ഇത്തരം സമീപനം രോഗികളെയാണ് വലയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെയും ആര്‍ബിഐയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാണ് ഇത്തരം ഇളവ് ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് സദാനന്ദ ഗൗഡയുടെ സഹോദരന്‍ ഭാസ്‌കര ഗൗഡയെ മംഗലൂരുവിലെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഇദ്ദേഹം മരിക്കുകയായിരുന്നു.












Click it and Unblock the Notifications