1901 ശേഷമുള്ള ചൂടേറിയ മാര്‍ച്ച്, 71 ശതമാനം മഴ കുറവ്: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2022ലെ മാര്‍ച്ച് മാസം കടന്നുപോയത് ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോര്‍ഡുമായാണ്. 1901ന് ശേഷം ഏറ്റവും കൂടുതല്‍ ചൂടാണ് മാര്‍ച്ച് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ താപനിലയേക്കാള്‍ 1.86 ഡിഗിരി സെല്‍ഷ്യസ് താപനിലയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ടുള്ള കണക്കുകളാണ് പുറത്തുവരുന്നത്.
അതേ സമയം രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആവരേജ് മഴയുടെ കണക്കില്‍ 71 ശതമാനത്തിന്റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1981 മുതല്‍ 2010 വരെയുള്ള കണക്കുകളുടെ വിശകലനങ്ങളാണ് പുറത്തുവരുന്നത്.
കേരളത്തിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചൂട് കനക്കുമെന്നായിരുന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നായിരുന്നു നിര്‍ദേശം. ചൂട് നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചൂട് വര്‍ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

അതേ സമയം ഈ മാസം കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നു. ശരാശരി വേനല്‍മഴ ഈ മാസം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാല ശരാശരിയുടെ 89 മുതല്‍ 111 ശതമാനം വരെ മഴ ലഭിക്കുമെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നത്. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ഐഎംഡി സൂചന നല്‍കുന്നു.

സൂര്യനില്‍ അനുഭവപ്പെട്ട സൗരവാതത്തിന്റെ ഫലമായി സൗര കാന്തിക പ്രഭാവം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു. കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) അഥവാ ഭൗമകാന്തിക തരംഗം എന്നാണ് ഈ പ്രതിഭാസം അറിയിപ്പെടുന്നത്. സൂര്യനിലുണ്ടാകുന്ന പല പ്രവര്‍ത്തനങ്ങളുടെയും ഫലമായി ഭൂമിയിലേക്കു ചാര്‍ജുള്ള രശ്മികള്‍ അധികമായി കടന്നുവരും. ഇത് ഭൂമിയിലെ മൊബൈല്‍ ഉള്‍പ്പെടെ പല കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ ശേഷിയുള്ളതാണ്.

എന്നാല്‍ സൗരകാന്തിക വികിരണം ഭൂമിയിലെങ്ങും പ്രതിസന്ധി സൃഷ്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. കേരളത്തില്‍ യുവി രശ്മികളുടെ യുവി ഇന്‍ഡക്‌സ് 12 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് മനുഷ്യരുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കാന്‍ ശേഷിയുള്ളതാണ്. അതിനാല്‍ തന്നെ രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വെയിലത്ത് ഇറങ്ങാതിരിക്കുന്നതാണ് ഉത്തമമെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications