വെടിനിര്‍ത്തലിന് ശേഷവും പാക് പ്രകോപനം; ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങളെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും പരസ്പരം വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ക്ക് ശേഷവും പാക് പ്രകോപനം തുടരുന്നു. കാശ്മീരിലെ ശ്രീനഗറിലും ഗുജറാത്ത് അടക്കമുള്ള ഇന്ത്യയുടെ മറ്റ് അതിര്‍ത്തി ജില്ലകളിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍. മുന്‍കരുതലിന്റെ ഭാഗമായി ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് എന്താണ് സംവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒമര്‍ അബ്ദുള്ള എക്സി'ല്‍ കുറിച്ചത് ഇങ്ങനെ - 'വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടു'. ആകാശത്ത് ഡ്രോണുകള്‍ പറക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കിട്ടു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്നലെ സമൂഹ മാധ്യമത്തിലൂടെ ലോകത്തെ ആദ്യം അറിയിച്ചത്. അതിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചര്‍ച്ചകളുടെ ഫലമായി പാകിസ്ഥാനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ലംഘനമുണ്ടായിരിക്കുന്നത്. അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത് അമേരിക്കയുടെ മധ്യസ്ഥതയിലാണോ എന്നത് വ്യക്തമല്ല.
ട്രംപിന്റെ ഇടപെടലിലാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചര്‍ച്ചകള്‍ നടത്തിയത്.
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കാശ്മീരിലെ ഉദംപൂരിലും ഗുജറാത്തിലും പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രജൗരി, അഖ്നൂര്‍, ഉദംപൂര്‍, ജമ്മു എന്നിവയുള്‍പ്പെടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം നിരവധി തവണ വെടിവയ്പ്പ് നടത്തി. പൂഞ്ച്, ഉദംപൂര്‍, അനന്ത്നാഗ് ഉള്‍പ്പെടെയുള്ള കശ്മീരിന്റെ പല ഭാഗങ്ങളിലും രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍, ബാര്‍മര്‍, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലുമാണ് ഡ്രോണ്‍ ആക്രമണ ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സൈന്യം അതീവ ജാത്രയിലാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം പഞ്ചാബിലെ അമൃത്സറില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. എങ്കിലും നഗരം അതീവ ജാഗ്രതയിലാണ്. വീടുകള്‍ക്കുള്ളില്‍ നിന്നു പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, നാല് ദിവസത്തിനിടെ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളിലും ജമ്മു കശ്മീരില്‍ 25-ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ പാകിസ്ഥാന്‍ നടത്തുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും യുദ്ധസമാന സാഹചര്യമായി കണക്കാക്കുമെന്ന ശക്തമായ താക്കീതും ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികതല ചര്‍ച്ച നാളെ ഉച്ചയ്ക്ക് 12-ന് വീണ്ടും നടക്കും.
അതിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയെത്തുടര്‍ന്ന് കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. ജനങ്ങള്‍ വീടിനു പുറത്തേക്കിറങ്ങി. കടകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പാക് ആക്രമണങ്ങള്‍ രൂക്ഷമായപ്പോള്‍ നിയന്ത്രണ രേഖയ്ക്കു സമീപം താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്കു മാറിയിരുന്നു. ഇവരും വീടുകളിലേക്ക് മടങ്ങി. നാല് ദിവസത്തോളം നീണ്ട സംഘര്‍ഷഭരിതമായ ദിനങ്ങള്‍ക്കു ശേഷം ഇന്നലെയാണ് പലരും സമാധാനമായി ഉറങ്ങിയത്.












Click it and Unblock the Notifications