വീട്ടുജോലിക്കാരി ഇനി ബംഗാളിലെ മന്ത്രിസഭയില്‍; കലിത മാജിയുടെ ശമ്പളം ലക്ഷം കടക്കും
കൊൽക്കത്ത: പ്രതിമാസം 2500 രൂപ വരുമാനത്തിൽ വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന കലിത മാജി, മന്ത്രിയായി മാറിയ വാർത്ത ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് രാഷ്ട്രീയത്തിൽ ഉയർന്നുവന്ന അവരുടെ ജീവിതയാത്ര പലരെയും വിസ്മയിപ്പിക്കുന്നു.
പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം ഒൻപതിനാണ് പുതിയ സർക്കാർ അധികാരമേറ്റതെങ്കിൽ, കഴിഞ്ഞ ദിവസം മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി ചുമതലയേറ്റ 35 മന്ത്രിമാരിൽ കലിത മാജിയുമുണ്ട്.

വീടുകളിൽ പാത്രം കഴുകിയും മറ്റ് വീട്ടുജോലികൾ ചെയ്തുമാണ് കലിത മാജി ഉപജീവനം നടത്തിയിരുന്നത്. കേവലം 2500 രൂപ മാസവരുമാനമുണ്ടായിരുന്ന അവരുടെ സ്ഥാനാർത്ഥിത്വം അന്ന് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ബി.ജെ.പി. അവരെ മന്ത്രിസ്ഥാനത്ത് എത്തിച്ച് ആദരിച്ചിരിക്കുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ മാത്രമല്ല, രാജ്യമെമ്പാടും ഈ സംഭവം ശ്രദ്ധ നേടുന്നുണ്ട്.
മന്ത്രിയായതിനെക്കുറിച്ച് കലിത മാജി ഒരു ചാനലിനോട് സംസാരിക്കവെ ഇങ്ങനെ പറഞ്ഞു: "എന്നെപ്പോലൊരാൾ ഒരു ദിവസം മന്ത്രിയാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദിയെ 2014-ൽ ടി.വി.യിൽ കാണുന്നതുവരെ ഈ ചിന്ത മനസ്സിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഞാൻ ബൂത്ത് തലത്തിൽ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി."
"പാർട്ടിയുടെ സംഘടനാപരമായ കാര്യങ്ങളിൽ പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചപ്പോൾ, എന്റെ സംഭാവനകൾ കണ്ട് പാർട്ടി നേതൃത്വം വലിയ ചുമതലകൾ നൽകി എന്നെ പ്രോത്സാഹിപ്പിച്ചു. പ്രാദേശിക വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ഞാൻ മടിച്ചു. രാഷ്ട്രീയവും കുടുംബപരമായ ഉത്തരവാദിത്തങ്ങളും എനിക്ക് ഒരേ സമയം എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ചിന്തിച്ചു."
"നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും എന്റെ ഭർത്താവിന്റെ പിതാവ് എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. കുടുംബം നോക്കാൻ എനിക്ക് കൂടുതൽ സമയം കണ്ടെത്താനാകില്ലെന്ന് പറഞ്ഞപ്പോൾ, ഞാൻ ആവശ്യത്തിന് ജോലി ചെയ്തു കഴിഞ്ഞു, ഇനി സമൂഹത്തിനുവേണ്ടി പ്രവർത്തിക്കൂ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു."- കലിത മാജി പറയുന്നു.
കലിത മാജിയുടെ ഭര്‍ത്താവ് സുബ്രത മാജി കൂലിപ്പണിക്കാരനാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11000 വോട്ടിന് കലിത മാജി പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തനം അവര്‍ തുടര്‍ന്നു. ഇത്തവണ 12000ത്തില്‍ അധികം വോട്ട് നേടിയാണ് ജയിച്ചത്. വിലിയ ആര്‍ഭാടം ഇല്ലാതെ ലളിതമായിരുന്നു കലിത മാജിയുടെ പ്രചാരണം. മന്ത്രിയായതോടെ കലിത മാജിക്ക് പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളം കിട്ടും.















Click it and Unblock the Notifications