ഭീകരതയുടെ വേരറുക്കാന്‍ ഇന്ത്യ; എല്‍ഇടി കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് തീവ്രാദികളുടെ വീടുകള്‍ നിലംപരിശാക്കി
ശ്രീനഗര്‍: രാജ്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരേ ശക്തമായ നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നത്. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ചു ഭീകരരുടെ വീടുകളാണ് കേന്ദ്രത്തിന്റെ അനുമതിയോടെ കാശ്മീര്‍ ഭരണകൂടം ഇതുവരെ തകര്‍ത്തത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പരോക്ഷമായ പങ്ക് ഇന്ത്യ ആരോപിച്ചിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയത്.
ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളിലാണ് സുരക്ഷാ സേന ശക്തമായ നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ഭീകരരുടെ വീടുകളാണ് ജമ്മു കശ്മീര്‍ ഭരണകൂടം പൊളിച്ചുനീക്കിയത്. സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാത്ത രീതിയില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വീടുകള്‍ പൊളിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ ഒഴിഞ്ഞുപോയെന്ന് അധികാരികള്‍ ഉറപ്പാക്കിയിരുന്നു. 24 മണിക്കൂറിനുള്ളിലാണ് അഞ്ച് തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്തത്.

പ്രാദേശിക ഭീകരതയും അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ ഭീകരതയെ പിന്തുണയ്ക്കുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ജെയ്ഷ് ഇ മൊഹമ്മദ് ഭീകരന്‍ അഹ്സാന്‍ ഉല്‍ ഹഖ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് ആദ്യം നശിപ്പിച്ചത്. അതിനു പിന്നാലെയാണ് മൂന്നു ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തത്. പുല്‍വാമയിലെ അഹ്‌സാന്‍ ഷെയ്ഖ്, ഷോപിയാനിലെ എല്‍ഇടി കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടെ, കുല്‍ഗാമിലെ സാഹിദ് അഹമ്മദ് എന്നിവരുടെ വീടുകളും സ്‌ഫോടനത്തിലൂടെ തകര്‍ത്തു.
ഷോപിയാനിലെ ചോട്ടിപോറ ഗ്രാമത്തിലാണ് എല്‍ഇടി കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടെയുടെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഷാഹിദ് അഹമ്മദ് കുട്ടെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നതായി സുരക്ഷാ സേന അറിയിച്ചു.
പുല്‍വാമയിലെ മുറാന്‍ പ്രദേശത്താണ് അഹ്‌സാന്‍ ഉല്‍ ഹഖിന്റെ വീട്. ഇതും ഒരു സ്‌ഫോടനത്തില്‍ നിലംപരിശാക്കി. 2018 ല്‍ പാകിസ്ഥാനില്‍ നിന്ന് തീവ്രവാദത്തില്‍ പരിശീലനം നേടിയ അഹ്‌സാന്‍ അടുത്തിടെയാണ് കാശ്മീര്‍ താഴ്വരയിലേക്ക് വീണ്ടും എത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഭീകര സംഘടനകളില്‍ അംഗമായാല്‍ അതിന്റെ പ്രത്യാഘാതം കുടുംബങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഇത് പ്രദേശത്തെ യുവാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പാസ്‌പോര്‍ട്ട്, സര്‍ക്കാര്‍ ജോലി, സൗജന്യ റേഷന്‍, പൊലീസ് ക്ലിയറന്‍സ് എന്നിവ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും കുടുംബങ്ങള്‍ക്ക് ഇല്ലാതാകും.
2023 ജൂണ്‍ മുതല്‍ ലഷ്‌കര്‍-ഇ-ത്വയ്ബയില്‍ അംഗമാണ് അഹ്സാന്‍ അഹമ്മദ് ഷെയ്ഖ്. പുല്‍വാമയിലെ ഇയാളുടെ ഇരുനില വീടും പുല്‍വാമയിലെ കാച്ചിപോറ പ്രദേശത്ത് താമസിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാരിസ് അഹമ്മദിന്റെ വീടും സ്ഫോടനത്തില്‍ തകര്‍ത്തു. ചിലരുടെ വീടുകളില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ഐഎസ്‌ഐ റിക്രൂട്ട് ചെയ്ത അനന്ത്‌നാഗ് സ്വദേശി ഹാരൂണ്‍ ഗനായിയുടെ വീടും സമാനമായി തകര്‍ത്തിരുന്നു.
ഇന്ത്യന്‍ സൈന്യവും, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും (സിആര്‍പിഎഫ്), ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്നാണ് തീവ്രവാദികള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.
'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായ ബൈസാരണ്‍ താഴ്വരയിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കുന്നിന്‍ ചെരിവുകളും പൈന്‍ മരണങ്ങളും നിറഞ്ഞ ഭൂപ്രകൃതിയെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് തീവ്രവാദികള്‍. പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്തതും വിശാലമായ പ്രദേശമായതിനാല്‍ ഒളിക്കാന്‍ സ്ഥലമില്ലാതിരുന്നതും വിനോദ സഞ്ചാരികളുടെ മരണസംഖ്യ ഉയരാന്‍ കാരണമായി.












Click it and Unblock the Notifications