സൂറത്തില്‍ നടന്നത് വമ്പന്‍ തിരക്കഥ: ബിജെപിക്ക് വിജയം ഒരുക്കിയത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി തന്നെ
അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി ജെ പി സ്ഥാനാർത്ഥിക്ക് ഏകപക്ഷീയ വിജയം നല്‍കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ഗുജറാത്തിലെ സൂറത്ത് മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ബി ജെ പി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളുകയായിരുന്നു.
കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി. കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നാലെ ബി എസ് പി സ്ഥാനാർത്ഥിയും സ്വതന്ത്രരും പത്രിക പിന്‍വലിച്ച് ബി ജെ പിക്ക് സ്ഥാനാർത്ഥിക്ക് ഏകപക്ഷീയ വിജയത്തിന് വഴിയൊരുക്കി. പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബി ജെ പിയുമായി ചേർന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി നടത്തിയ തിരക്കഥയാണ് ഇതിനെല്ലാം പിന്നിലെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാണി കുടുംബസമേതം നാടുവിട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു നാമനിർദേശ പത്രികയില്‍ ഒപ്പിട്ട മൂന്നുപേരും. പത്രികയില്‍ ഒപ്പിട്ടത് തങ്ങള്‍ അല്ലെന്ന് ഇവർ തന്നെ വ്യക്തമാക്കിയതോടെ തന്നെ ഒരു തിരക്കഥയുടെ സംശയം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ ഉണ്ടായിട്ടുണ്ട്. ഒപ്പിട്ടവരില്‍ ജഗദീഷ് സാവലിയ കുംഭായുടെ അളിയനും ധ്രുവിന്‍ ധമേലിയ അനന്തരവനും രമേഷ് പൊലാര വ്യാപാരപങ്കാളിയുമാണ് എന്നതാണ് ശ്രദ്ധേയം.

പത്രിക തള്ളിപ്പോയ ഡമ്മിസ്ഥാനാര്‍ഥി സുരേഷ് പഡസലയെ നിര്‍ത്തിയതും കുംഭാണി മുന്‍ കൈ എടുത്ത് തന്നെ. . ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ സത്യവാങ്മൂലങ്ങള്‍ തയ്യാറാക്കിയതാകട്ടെ ബി ജെ പി ക്കാരനായ ഒരു നോട്ടറി അഭിഭാഷകനാണ്. പട്ടേല്‍ സമരസമിതി നേതാവായിരുന്ന കുംഭാണി 2015 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. അതേ വർഷം തന്നെ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇത്തണ മുകേഷ് ദലാലിനെ നേരിടാന്‍ കുംഭാണിയെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് ജാതി സമവാക്യങ്ങള്‍ കൂടി നോക്കിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലും എഎപിയിലും പ്രവര്‍ത്തിച്ചിരുന്ന പഴയ പട്ടേല്‍ സമരനേതാക്കള്‍ ബിജെപിയുമായി ധാരണയിലെത്തി. ഇതിന്റെ ഭാഗമായിട്ടാണ് കുംഭാണിയുടെ നാടകീയമായ പിന്‍മാറ്റം. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പത്രിക തള്ളിയതെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications