നിരീശ്വരവാദിയായ സവർക്കർ എങ്ങനെ മതത്തെ കുറിച്ച് സംസാരിക്കും?; മറുപടിയുമായി കോൺഗ്രസ് നേതാവ്
ദില്ലി; രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന ബി ജെ പി നേതാക്കളുടെ വിമർശനത്തിന് ചുട്ട മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ്. ഹിന്ദുത്വവും ഹിന്ദുയിസവും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് തികച്ചും ശരിയാണ്, വീർ സവർക്കറുടെ രചനകളിലും അത് പ്രതിധ്വനിക്കുന്നുണ്ടെന്ന് ഹരിപ്രസാദ് പറഞ്ഞു.
ബി ജെ പി നേതാക്കൾ വീർ സവർക്കറിനെ മുഴുവനായി വായിച്ചിട്ടില്ല. സവർക്കർ പറഞ്ഞത് ഹിന്ദുത്വം മതപരമല്ല, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നാണ്. ആരെങ്കിലും ഹിന്ദുത്വത്തിന് എതിരാണ് എന്നതിനർത്ഥം അവർ ഹിന്ദുമതത്തിന് എതിരാണെന്ന് അർത്ഥമാക്കുന്നില്ലെന്നും ഹരിപ്രസാദ് പറഞ്ഞു.

'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പേരിലുള്ള മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ പുസ്തകത്തിലെ പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്ത് പറഞ്ഞത് സംബന്ധിച്ചായിരുന്നു വിവാദം. തുടർന്ന് രാഹുൽ ഗാന്ധി സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രംഗത്തെതത്ിയിരുന്നു.
ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. 'ജൻ ജാഗ്രൻ അഭിയാൻ' എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമർശം. ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മിൽ വ്യത്യാസമുണ്ട്.അതൊരു ലളിതമായ യുക്തിയാണ് - നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ പിന്നെ എന്തിനാണ് ഹിന്ദുത്വ? എന്തിനാണ് അത്തരമൊരു പുതിയ പേര്?മുസ്‍ലിംകളെയും സിഖുകാരെയുമെല്ലാം കൊല്ലുന്നത് ഹിന്ദൂയിസമാണോ? ഹിന്ദുത്വയാണത്. ഏത് പുസ്തകത്തിലാണ് ഇതൊക്കെ ഉള്ളത്? ഞാനിതൊന്നും കണ്ടിട്ടില്ല, ഞാൻ ഉപനിഷദ് വായിച്ചിട്ടുണ്ട്, അതിലൊന്നും ഇത് വായിച്ചിട്ടില്ല എന്നും രാഹുൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയായിരുന്നു രാഹുലിനെ വിമർശിച്ച് ബി ജെ പി വക്താവ് സംബിത് പാത്ര രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദുത്വത്തെ നിരന്തരം അപമാനിക്കുകയായിരുന്നുവെന്നായിരുന്നു സംബിത് പാത്ര പറഞ്ഞത്. മാത്രമല്ല ശശി തരൂര്‍, പി. ചിദംബരം, ദിഗ്‌വിജയ് സിങ് എന്നിവരെല്ലാം ഹിന്ദു സംസ്‌കാരത്തെ മോശപ്പെടുത്തി സംസാരിക്കുകയാണെന്നും സംബിത് പാത്ര പറഞ്ഞിരുന്നു.
അതേസമയം ബി ജെ പിയോ സംഘ് കുടുംബങ്ങളോ മതവിശ്വാസികളല്ലെന്നും ബികെ ഹരിപ്രസാദ് വിമർശിച്ചു. കാരണം മതവിശ്വാസികൾ ആയിരുന്നെങ്കിൽ അവർ ഒരിക്കലും നിരീശ്വരവാദിയായിരുന്ന വീർ സവർക്കറിനെക്കുറിച്ച് പ്രതികരിക്കില്ല. സംഘികൾ മതത്തെ കുറിച്ച് സംസാരിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. വീർ സവർക്കർ, ആർ എസ് എസ് തലവൻമാരായ എം എസ് ഗോൾവാൾക്കർ, കെ ബി ഹെഡ്ഗേവാർ എന്നിവർ ഹിന്ദുത്വത്തെ പിന്തുടർന്നപ്പോൾ സ്വാമി വിവേകാനന്ദൻ, പരമഹംസ യോഗാനന്ദ, മഹാത്മാഗാന്ധി എന്നിവർ ഹിന്ദു മതത്തെയാണ് പിന്തുടർന്നത്.അതുകൊണ്ട് തന്നെ ഹിന്ദുത്വയും ഹിന്ദു മതവും തമ്മിൽ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ലെന്നും ഹരിപ്രസാദ് പറഞ്ഞു.
അതേസമയം കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ പ്രവർത്തകർ ഊർജിതമായി ശ്രമിക്കണമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.പാർട്ടിയുടെ പ്രത്യയശാസ്ത്രം "മനോഹരമായ രത്നം" പോലെയാണ്, അതിനുള്ളിൽ അനന്തമായ ശക്തിയുണ്ട്, എന്നാൽ ബിജെപി കോൺഗ്രസിന്റെ ആശയത്തെ മറയ്ക്കുകയാണ്. മാധ്യമങ്ങൾ കൈയ്യടിക്കിയുള്ള വ്യാപക ആശയ പ്രചരണമാണ് ബി ജെ പിയും ആർ എസ് എസും നടത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications