യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്!! ഗവർണർക്ക് വെച്ചത് യെദ്യൂരപ്പയ്ക്ക് കൊണ്ടു!
ബെംഗളുരു: കർണാടക തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടം മാത്രമാണ് യെദ്യൂരപ്പയുടെ രാജിയോടെ അവസാനിച്ചിട്ടുള്ളത്. കോൺഗ്രസ് എതിരാളികളായ ജനതാദളുമായി സഖ്യമുണ്ടാക്കിയത് മുതൽ ബിജെപി നേതാക്കൾ കോൺഗ്രസ് എംഎൽഎമാർക്ക് വിലയിടുന്നത് വരെയുള്ള സംഭവങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച യെദ്യൂരപ്പയുടെ മുഖ്യമന്ത്രി പദത്തിന് 55 മണിക്കൂർ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. മെയ് 17ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ കണക്കുകൂട്ടലുകൾക്ക് അനുസൃതമായി നടന്നെങ്കിലും കളികൾ മാറിയത് പിന്നീടാണ്.
പ്രൊടെം സ്പീക്കർ നിയമനത്തിനെതിരെ കോടതിയെ സമീപിച്ച കോൺഗ്രസിന് കോടതി നീക്കം തിരിച്ചടിയായെങ്കിലും ആശ്വസിക്കാനുള്ള വക ലഭിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് ഉൾപ്പെടെയുള്ള നിയമസഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ കോടതി നിർദേശിക്കുകയായിരുന്നു.

ജെഡിഎസ്- കോൺഗ്രസ് സഖ്യം
തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തെക്കുറിച്ച് സൂചനകളൊന്നുമില്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എതിരാളികളെങ്കിലും കോൺഗ്രസും ജെഡിഎസും മുഖ്യശത്രുവിനെ നേരിടാൻ കൈകോർക്കുന്നത്. ഇതാണ് ബിജെപി കർണാടകത്തിൽ അധികാരത്തിലെത്തുന്നതിന് തിരിച്ചടിയായത്.
കോൺഗ്രസ് നീക്കങ്ങൾ. നേരത്തെ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലുണ്ടായ പിളർച്ചയാണ് ആദ്യത്തെ സഖ്യസർക്കാരിന് തിരിച്ചടിയായത്. കോൺഗ്രസിനെ വിട്ട് ബിജെപിക്കൊപ്പം ചേർന്ന ജെഡിഎസിന് രണ്ട് വർഷം മാത്രമാണ് ബിജെപിക്കൊപ്പം അധികാരത്തിലിരിക്കാൻ കഴിഞ്ഞത്.

കോൺഗ്രസ് കരുനീക്കം
കർണാടകത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിലവിലെ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരമാവധി സ്വാതന്ത്ര്യവും നൽകിയിരുന്നു. ഡികെ ശിവകുമാറിൻറെ സഹോദരൻ ഡികെ സുരേഷിനും യെദ്യൂരപ്പയെ പുറത്താക്കുന്നതിൽ നിർണായക പങ്കുണ്ട്. ഇതാണ് വിശ്വാസ വോട്ടെടുപ്പിന് മുമ്പായി രാജി പ്രഖ്യാപിക്കുന്നതിലേക്ക് യെദ്യൂരപ്പയെ നയിച്ചത്. ഇതോടെ കർണാടകത്തിൽ അധികാരത്തിലെത്തുക എന്ന ബിജെപിയുടെ സ്വപ്നങ്ങൾക്കും തിരിച്ചടി ഏൽക്കുകയായിരുന്നു. കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഡികെ ശിവകുമാറായിരുന്നു. തങ്ങൾക്ക് അനുകൂലമായ നീക്കങ്ങൾ ഉണ്ടാകാനുള്ള സമ്മർദ്ദങ്ങളാണ് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വാർത്താ സമ്മേളനങ്ങളിൽ നടത്തിയത്.

കുമാരസ്വാമിയുടെ നീക്കം കോൺഗ്രസിന്റെയും
ജെഡിഎസ് നേതാക്കളെ തങ്ങൾക്ക് അനുകൂലമായ പാതയിലെത്തിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കങ്ങളും ബിജെപിക്ക് തിരിച്ചടിയാവുന്നതായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, അശോക് ഘെലോട്ട്, മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നീ നേതാക്കളാണ് ജെഡിഎസിനെ കോൺഗ്രസ് പാളയത്തിലെത്തിക്കുന്നതിനുള്ള കരുനീക്കങ്ങൾ നടത്തിയത്. ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ കോൺഗ്രസുമായി കൈകോർക്കുമെന്ന് കുമാരസ്വാമി സൂചന നൽകിയതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതായിരുന്നു. അതേ സമയം ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ നീക്കം ചൊടിപ്പിച്ചു!
ബിഎസ് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നീക്കമാണ് കോൺഗ്രസിനെ ആദ്യം പ്രകോപിപ്പിച്ചത്. ഇതാണ് വിശ്വാസ വോട്ടെടുപ്പിൽ യെദ്യുരപ്പയെ പരാജയപ്പെടുത്തണമെന്ന് ഉറപ്പിക്കാൻ സഹായിച്ചത്. ഇതോടെയാണ് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതാണ് ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് തിരിച്ചടിയായത്. 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച കോൺഗ്രസ്- ജെഡിഎസ് ഹർജി പരിഗണിച്ച കോടതി മെയ് 19ന് വൈകിട്ട് നാല് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താൻ നിർദേശിച്ചത്. രഹസ്യബാലറ്റ് അനുവദിക്കണമെന്ന ആവശ്യവും കോടതി നിരുപാധികം തള്ളിക്കളഞ്ഞു. ഒപ്പം പ്രൊടെം സ്പീക്കറെ നിയമിക്കാനും ഉത്തരവിട്ടത്. ഇതോടെയാണ് ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് അവസാന നിമിഷം വരെ ആത്മവിശ്വാസം പ്രകടിപ്പിച്ച പാർട്ടിയെയും പാർട്ടി നേതാക്കളെയും നിലപാട് മാറ്റത്തിലേക്ക് നയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് നാടകീയ
രാജിപ്രഖ്യാപനത്തിലേക്ക് നയിച്ചതും ഇതെല്ലാമാണ്. ഗവർണറുടെ നീക്കത്തെ വിമർശിച്ച് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

ഓഡിയോ ക്ലിപ്പുകൾ കൂച്ചുവിലങ്ങ്
ഭൂരിപക്ഷം തെളിയിക്കുന്നതിനായി ബിജെപി നേതാക്കൾ കോൺഗ്രസ് എംഎൽഎമാർക്ക് വേണ്ടി വിലപേശുന്ന ഓഡിയോ ക്ലിപ്പുകളാണ് ബിജെപിക്ക് അവസാന നിമിഷം തലവേദന സൃഷ്ടിച്ചത്. ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഡിയും മറ്റ് നേതാക്കളും കോൺഗ്രസ് എംഎൽമാരെ ഫോണിൽ വിളിച്ച് പണവും പദവികളും വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കി. പണവും ക്യാബിനറ്റ് പദവിയും കോൺഗ്രസ് എംഎൽഎമാർക്ക് വാഗ്ദാനം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. അഞ്ചോളം വീഡിയോ ക്ലിപ്പുകളാണ് കോൺഗ്രസ് പുറത്തുവിട്ടത്.

ഡികെയുടെ പ്ലാൻ
ബിജെപി വലവീശി പിടിക്കാതിരിക്കാൻ എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് ഡികെ ശിവകുമാറിന്റെ ബുദ്ധിയാണ്. ഹൈദരാബാദിലേക്ക് കടത്തിയ എംഎൽഎമാരെ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് തിരികെ ബെംഗളൂരുവിലെത്തിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാമെന്നും മേൽക്കൈ നേടാമെന്നുമുള്ള ബിജെപിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായിരുന്നു. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ റാഞ്ചാമെന്ന ബിജെപി മോഹങ്ങൾക്ക് ശരിക്കും പണികൊടുത്തത് ഡികെയുടെ നീക്കങ്ങളായിരുന്നു. അതിന് പുറമേ ഫോണിൽ ഫോൺ കോൾ റെക്കോർഡ് ചെയ്യുന്നതിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടതും ബിജെപിക്ക് തിരിച്ചടിയായി.












Click it and Unblock the Notifications