'മുസ്ലീങ്ങൾക്ക്' എന്ന് എവിടെ നിന്ന് വന്നു, സത്യം പുറത്തുവന്നപ്പോൾ മോദിക്ക് മൗനം'; മറുപടിയുമായി ചിദംബരം
ഡൽഹി: കോൺഗ്രസ് ഭരണകാലത്ത് ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങൾക്ക് വേണ്ടി മാറ്റിവെച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെ തള്ളി കോൺഗ്രസ് നേതാവ് പി ചിദംബരം. ന്യൂനപക്ഷങ്ങളുടെ വികസന പദ്ധതികൾക്കായി 15 ശതമാനം വിഹിതം വിനിയോഗിക്കുമെന്നായിരുന്നു ബജറ്റ് പ്രസംഗമെന്നും ഒരിടത്ത് പോലും മുസ്ലീം എന്നത് മാത്രമായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ആരോപണത്തിലെ സത്യാവസ്ഥ പുറത്തവന്നതോടെ ഇപ്പോൾ ഈ വിഷയത്തിലും ബി ജെ പിയും മോദിയും മൗനം പുലർത്തുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
'ബജറ്റിൻ്റെ 15 ശതമാനം മുസ്ലീങ്ങൾക്കായി നീക്കിവെയ്ക്കാൻ കോൺഗ്രസ് നിർദ്ദേശിച്ചിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്.എന്നാൽ ഈ പ്രസ്താവനയിലെ യാഥാർത്ഥ്യം രാജ്ദീപ് സർദേശായി പുറത്തുകൊണ്ടുവന്നതിന് ശേഷം ബി ജെ പിയും മോദിയും നിശബ്ദരായിരിക്കുകയാണ്.

2013-14 വർഷത്തെ യുപിഎ സർക്കാരിന്റെ കാലത്തെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൻ്റെ ബജറ്റിൽ 'സാധ്യമാകുന്നിടത്തെല്ലാം' ബജറ്റ് വിഹിതത്തിന്റെ 15 ശതമാനം ന്യൂനപക്ഷങ്ങൾക്കുള്ള വികസന പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്താവനയിൽ എവിടേയും മുസ്ലീം എന്ന വാക്ക് ഉണ്ടായിരുന്നില്ല.
2016-17 ലെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ (എൻഡിഎ)ബജറ്റിൽ ഇതേ കാര്യം പറയുന്നുണ്ട്.ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൻ്റെ ബജറ്റിലെ തികച്ചും സാധാരണമായ ഈ പ്രസ്താവന എങ്ങനെയാണ് 'മുസ്ലീങ്ങൾക്കുള്ള ബജറ്റ്' ആയി മാറിയത്? ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു സാധാരണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഒരു സാധാരണ പ്രസ്താവന എടുത്ത് അതിനെ വളച്ചൊടിച്ച്
യുപിഎയുടെ കീഴിൽ 'മുസ്ലിംകൾക്കുള്ള ബജറ്റ്'എന്നാക്കി മാര്റി. എൻഡിഎയുടെ കീഴിലുള്ള ബഡ്ജറ്റിലും ഇതേ പ്രസ്താവന ഉണ്ടെന്ന കാര്യം അദ്ദേഹത്തോട് ആരും പറഞ്ഞ് കൊടുത്തില്ലെന്ന് തോന്നുന്നു. രാജ്ദീപ് സർദേശായി അസത്യം തുറന്നുകാട്ടിയതോടെ പ്രസ്ഥാനം മുഴുവൻ ഇപ്പോൾ നിശബ്ദരായിരിക്കുകയാണ്',ചിദംബരം കുറിച്ചു.
അധികാരത്തിലേറിയാല്‍ ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു മോദിയുടെ വിവാദ പരാമർശം.രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്‌ലിംകളാണെന്നായിരുന്നു യുപിഎ സർക്കാരിന്റെ നിലപാട്.കോൺഗ്രസ് ഭരണത്തിലേറിയാൽ കർണാടകയിൽ നടപ്പാക്കിയത് പോലെ ഒ ബി സി സംവരണം കവർന്ന് അത് മുസ്ലീങ്ങൾക്ക് നൽകും. കോൺഗ്രസിന് ഒറ്റ ന്യൂനപക്ഷമേ ഉള്ളൂ, അത് അവരുടെ പ്രീയപ്പെട്ട വോട്ട് ബാങ്ക് ആണ്', എന്നായിരുന്നു മോദിയുടെ വാക്കുകൾ.












Click it and Unblock the Notifications