Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി 12:30 ന് അവള്‍ എങ്ങനെ പുറത്തിറങ്ങി? നിങ്ങള്‍ സ്വയം സംരക്ഷിക്കണം; മമതയുടെ വിവാദ പ്രസ്താവന

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദത്തില്‍. മുഖ്യമന്ത്രിയുടെ പ്രതികരണം സ്ത്രീ വിരുദ്ധമെന്നാണ് ആരോപണം ഉയരുന്നത്. പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അവരുടെ സുരക്ഷ അവര്‍ തന്നെ നോക്കണം എന്നുമായിരുന്നു വനിതാ മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.

ഞായറാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വകാര്യ മെഡിക്കല്‍ കോളജിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മമത രാത്രിയില്‍ എങ്ങനെയാണ് പെണ്‍കുട്ടി പുറത്തുപോയതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി 12:30 ന് എങ്ങനെയാണ് അവള്‍ പുറത്തുവന്നത്? ഒരു വനപ്രദേശത്താണ് സംഭവം നടന്നത്. സംഭവം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും മമത പറഞ്ഞു.

mamata

മമതയുടെ വാക്കുകള്‍: സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി എങ്ങനെയാണ് രാത്രി 12:30 ന് കോളജില്‍ നിന്ന് പുറത്തുവന്നത്? എനിക്കറിയാവുന്ന കാര്യം ഒരു വനപ്രദേശത്താണ് സംഭവം നടന്നതെന്നാണ്. അവള്‍ എങ്ങനെയാണ് അവിടെ എത്തിയത്? സംഭവം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഞെട്ടിപ്പോയി. അന്വേഷണം പുരോഗമിക്കുകയാണ്.

പക്ഷേ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്, പ്രത്യേകിച്ച് പെണ്‍കുട്ടികളെ. അവരെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കണമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടെ മറ്റുള്ളവരെയും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ആരെയും വെറുതേ വിടില്ലെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി.

ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പശ്ചിമ ബംഗാളിനെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തും. മൂന്നാഴ്ച മുമ്പ് ഒഡീഷയിലെ പുരി ബീച്ചില്‍ മൂന്ന് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അവിടുത്തെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അവര്‍ ചോദിച്ചു.

ബലാത്സംഗത്തിന് ഇരയായ രണ്ടാം വര്‍ഷ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം അത്താഴം കഴിക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളജ് കാമ്പസിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്.

സംഭവത്തെതുടര്‍ന്ന് ഒഡീഷയില്‍ നിന്ന് ദുര്‍ഗാപൂരില്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ ന്യൂ ടൗണ്‍ഷിപ്പ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. പെണ്‍കുട്ടി പഠിക്കുന്ന മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്റെ ആഘാതത്തില്‍ മകള്‍ ഇപ്പോഴും കിടപ്പിലാണെന്നും പരിക്ക് കാരണം നടക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ബംഗാളിലെ സുരക്ഷയില്‍ ഇനി വിശ്വാസമില്ലെന്നും മകള്‍ സ്വന്തം നാടായ ഒഡീഷയില്‍ പഠനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മമതയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തുവന്നു. മമതയുടെ പരാമര്‍ശം അപമാനകരമെന്ന് ബിജെപി കുറ്റപ്പെടുത്തി. മമത ഇരയെ മാത്രം നിരന്തരം കുറ്റപ്പെടുത്തുന്നു. മമതയുടെ പ്രതികരണം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയില്‍ സ്‌റ്റേറ്റിന് ഉത്തരവാദിത്തമില്ലേ എന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലരും ചൂണ്ടിക്കാട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+