വിജയ് മല്യ എങ്ങനെ രാജ്യം വിട്ടു? എല്ലാവരുടെയും കണ്ണുവെട്ടിച്ച് സ്വന്തം വിമാനത്തില്‍ പറന്നുയര്‍ന്നോ!
ദില്ലി: മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചതോടെ വിജയ് മല്യയുടെ പിന്നാലെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ വിജയ് മല്യ രാജ്യം വിട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്. വിജയ് മല്യ രാജ്യം വിട്ടതായി ബുധനാഴ്ച സിബിഐ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് രണ്ടിന് വിജയ് മല്യ ലണ്ടനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ട്. കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ലണ്ടനില്‍ സുഖ ജീവിതം നയിക്കുകയാണെന്നാണ് വിവരം. വിജയ് മല്യയെ രാജ്യം വിടാന്‍ ആരാണ് അനുവദിച്ചത്? വിജയ് മല്യ രാജ്യം വിടുന്നതു തടയാന്‍ സര്‍ക്കാരും പോലീസും ശ്രമിച്ചില്ലേ? എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഒരു വ്യക്തിക്ക് ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുമ്പോള്‍ അയാള്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സമ്മതമില്ലാതെ രാജ്യം വിടാന്‍ സാധിക്കില്ല. പിന്നെങ്ങനെ വിജയ് മല്യ വിദേശത്ത് കടന്നുവെന്നാണ് ചോദ്യം. രാജ്യസഭാംഗമായ വിജയ് മല്യയുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും, ഇതുവരെ ആരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്നുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്.
രാജ്യത്ത് നിന്നു പോകുന്നതിനുമുന്‍പ് വിജയ് മല്യ രാജ്യസഭയില്‍ സന്നിഹിതനായിരുന്നുവെന്നും പറയുന്നുണ്ട്. ഇതിനിടയില്‍ സിബിഐയുടെ കണ്ണുവെട്ടിച്ച് മല്യ രാജ്യം വിടുകയും ചെയ്തു. സിബിഐയ്ക്ക് വീഴ്ച പറ്റിയെന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് വണ്‍ഇന്ത്യയോട് പറഞ്ഞത്. വിജയ് മല്യ എല്ലാവരെയും കണ്ണുവെട്ടിച്ച് സ്വന്തം വിമാനത്തില്‍ പറന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications