കോണ്‍ഗ്രസ് ഭരണം 3 സംസ്ഥാനത്ത് മാത്രം; ബിജെപി ഭരിക്കുന്നതോ... വിശദമായ കണക്ക്
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമിയിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കരുത്ത് വര്‍ധിപ്പിച്ച് ബിജെപി. നരേന്ദ്ര മോദിക്ക് മൂന്നാമൂഴം കേന്ദ്രത്തില്‍ ലഭിക്കാന്‍ പോകുന്നതിന്റെ സൂചനയായിട്ടാണ് ബിജെപി നേതാക്കള്‍ വിജയത്തെ വിലയിരുത്തുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യത്യസ്തമായി ലോക്‌സഭാ ഫലം വന്നിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ആയിരുന്നു മുന്നേറിയത്. മധ്യപ്രദേശില്‍ പിന്നീട് കാലുമാറ്റവും ഭരണമാറ്റവും സംഭവിച്ചു. തൊട്ടുപിന്നാലെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ നേട്ടം കൊയ്തത് ബിജെപിയായിരുന്നു. ഫലത്തില്‍ മാറ്റം പ്രതീക്ഷിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്.

രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ബിജെപി ഭരണമാണുള്ളത്. ബിജെപി സഖ്യം ചേര്‍ന്ന് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വേറെയും. ഇതെല്ലാം ചേര്‍ക്കുമ്പോള്‍ രാജ്യത്തെ പകുതി ജനസംഖ്യ ബിജെപി ഭരണത്തിന് കീഴിലാണ്. എന്നാല്‍ പകുതി ജനങ്ങളും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഇതിനര്‍ഥമില്ല. 2014ലും 2019ലും വോട്ടിങ് ശതമാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ ഭിന്നത ബിജെപിക്ക് തുണയായി.
ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, അസം, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ത്രിപുര, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി തനിച്ചാണ് ഭരിക്കുന്നത്. രാജ്യത്തെ 41 ശതമാനം ജനങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ബിജെപി ഭാഗമാണ്. ഇവിടെയുള്ള ജനങ്ങളെ കൂടി ചേര്‍ക്കുമ്പോള്‍ ബിജെപി ഭരണത്തിലുള്ള ജനങ്ങള്‍ 50 ശതമാനം കവിയും.

രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടമായതോടെ കോണ്‍ഗ്രസ് ഭരണം മൂന്ന് സംസ്ഥാനങ്ങളിലൊതുങ്ങി. തെലങ്കാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തനിച്ച് ഭരിക്കുന്നു. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 8.51 ശതമാനം മാത്രമാണ് ഈ സംസ്ഥാനങ്ങളില്‍. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രധാന സഖ്യകക്ഷിയാണ്. 19.84 ശതമാനം ജനങ്ങള്‍ ഈ സംസ്ഥാനങ്ങളിലുണ്ട്.
പുതിയ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഉത്തരേന്ത്യയില്‍ ബിജെപി പിടിമുറുക്കിയെന്ന് പറയാം. ദക്ഷിണേന്ത്യയില്‍ വേണ്ടത്ര ശോഭിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. അതേസമയം, കര്‍ണാടകയില്‍ ബിജെപിക്ക് ശക്തമായ വോട്ടുബാങ്കുണ്ട്. തെലങ്കാനയില്‍ നേരിയ മുന്നേറ്റം ബിജെപിക്ക് കാഴ്ചവയ്ക്കാന്‍ സാധിച്ചതും ആശ്വാസമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ബംഗാളിലും ബിഹാറിലും ബിജെപി സ്വാധീനമുണ്ട് എന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.












Click it and Unblock the Notifications