ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്‌വേയുടെ പുതിയ പാത; നിങ്ങൾക്ക് എത്ര സമയം യാത്രയിൽ ലാഭിക്കാം?
ബെംഗളൂരു, ചെന്നൈ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമായി മാറുകയാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്‌വേയുടെ ആന്ധ്രാപ്രദേശ് പരിധിയിൽ വരുന്ന പുതിയ പാത. 25 കിലോമീറ്റർ നീളമുള്ള പാത അടുത്തിടെയാണ് തുറന്ന് കൊടുത്തത്. ഇതോടെ ഈ എക്സ്പ്രസ്‌വേയിൽ ആകെ തുറന്ന പാതയുടെ നീളം ഏകദേശം 100 കിലോമീറ്ററായി ഉയർന്നു.
2025ന്റെ തുടക്കത്തിൽ കർണാടകയിലെ ഹൊസ്കോട്ടെ മുതൽ ബേത്തമംഗല വരെയുള്ള 71 കിലോമീറ്റർ പാത ദേശീയ പാത അതോറിറ്റി തുറന്നിരുന്നു. ഇപ്പോൾ ഇതിന്റെ തുടർച്ചയായി ആന്ധ്രാപ്രദേശിലെ ബേത്തമംഗല മുതൽ ബൈറെഡ്ഡിപ്പള്ളി വരെയുള്ള 25 കിലോമീറ്റർ പാതയാണ് പുതുതായി തുറന്നത്. ആന്ധ്രാപ്രദേശിൽ ആദ്യമായാണ് ഈ എക്സ്പ്രസ്‌വേയുടെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്.
ഈ പുതിയ പാത തുറന്നതോടെ കർണാടകയിലെ ഹൊസ്കോട്ടെയിൽ നിന്നും ആന്ധ്രാപ്രദേശിലെ ബൈറെഡ്ഡിപ്പള്ളിയിലേക്ക് എക്സ്പ്രസ്‌വേ വഴി നേരിട്ട് തടസ്സമില്ലാതെ പോകാം. ചിറ്റൂർ, തിരുപ്പതി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ പുതിയ പാത ഏറെ ഉപകാരപ്പെടും. എക്സ്പ്രസ്‌വേയിൽ നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാർക്ക് നിലവിലുള്ള ദേശീയപാതകളിലേക്ക് കണക്ട് ചെയ്യുന്ന ജില്ലാ റോഡുകൾ ഉപയോഗിച്ച് ഈ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും. ഇത് യാത്രാസമയത്തിൽ വലിയ ലാഭമുണ്ടാക്കും.

പുതിയ പാത കൂടി ഉൾപ്പെടുത്തി പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ വന്നിട്ടുണ്ട്. ഇതനുസരിച്ച് ഹൊസ്കോട്ടെ (ഹെഡിഗണബെലെ ടോൾ പ്ലാസ) മുതൽ ബൈറെഡ്ഡിപ്പള്ളി വരെയുള്ള യാത്രയ്ക്കുള്ള നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
കാർ, ജീപ്പ്, വാൻ: ഒരു വശത്തേക്ക് 195 രൂപ. പോയി വരാനുള്ള നിരക്ക് 290 രൂപ.
ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ/മിനി ബസ്: ഒരു വശത്തേക്ക് 315 രൂപ, പോയി വരാൻ 470 രൂപ.
ട്രക്ക്, ബസ്: ഒരു വശത്തേക്ക് 655 രൂപ, പോയി വരാൻ 985 രൂപ.
എക്സ്പ്രസ്‌വേയുടെ പ്രധാന പാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ ടോൾ ബാധകം. ഇതിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള റാമ്പുകൾ ഉപയോഗിക്കുന്ന പ്രാദേശിക വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല.
ആകെ 262 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ്‌വേ പൂർണ്ണമായും തുറക്കുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം വെറും 2.5 മുതൽ 3 മണിക്കൂറായി കുറയും. വനഭൂമി അനുമതികളും കോടതി കേസുകളും കാരണമാണ് ബാക്കി ഭാഗങ്ങളുടെ നിർമ്മാണം അല്പം വൈകുന്നത്. എങ്കിലും തമിഴ്‌നാട് പാത ഉൾപ്പെടെയുള്ള ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി 2026 ഡിസംബറോടെയോ 2027-ന്റെ തുടക്കത്തിലോ ഈ എക്സ്പ്രസ്‌വേ പൂർണ്ണമായി തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.














Click it and Unblock the Notifications