നക്ഷത്രയ്ക്ക് എത്ര രൂപ പ്രതിഫലം നല്‍കി; 20% ബാങ്കില്‍ കൊടുത്തോ? ഇരുമുടി നിര്‍മാതാക്കള്‍ക്ക് കുരുക്ക്
നടന്‍ രവി തേജ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഇരുമുടിയുടെ നിര്‍മാതാക്കള്‍ക്ക് കുരുക്ക്. തെലങ്കാന തൊഴില്‍ വകുപ്പ് നോട്ടീസ് അയച്ചു. ചില രേഖകളുമായി നവംബര്‍ നാലിന് ഹാജരാകണം എന്നാണ് നോട്ടീസിലെ ആവശ്യം. സിനിമയിലെ ശ്രദ്ധേയമായ ബാലതാരം ബേബി നക്ഷത്രയുടെ പ്രതിഫലം, ജോലി സാഹചര്യം എന്നിവ സംബന്ധിച്ച പരാതിയാണ് നടപടിക്ക് കാരണം.
ജയ്‌ലോക് സട്ട അധ്യക്ഷന്‍ സി മഹേഷ് ബാബു ആണ് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയത്. ബേബി നക്ഷത്രയെ എത്ര സമയം ജോലി ചെയ്യിപ്പിച്ചു, പ്രതിഫലം മതിയായ രീതിയില്‍ നല്‍കിയോ, സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബേബി നക്ഷത്രയ്ക്ക് എതിരായ ചില പ്രതികരണങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി. തൊഴില്‍ വകുപ്പ് ജോയിന്റ് കമ്മീഷണറാണ് സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാലതാരത്തെ അഭിനയിപ്പിക്കുന്നതിന് ജില്ലാ കളക്ടറില്‍ നിന്ന് അനുമതി വാങ്ങിയിരുന്നോ, മാതാപിതാക്കളുടെ അനുമതി ലഭിച്ചിരുന്നോ, എത്ര ദിവസം ജോലി ചെയ്യേണ്ടി വന്നു, ജോലി സമയം, വിദ്യാഭ്യാസം തടസപ്പെട്ടോ, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ, ബേബി നക്ഷത്രയ്ക്ക് വേണ്ടി സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിലെ രേഖയാണ് തൊഴില്‍ വകുപ്പ് പരിശോധിക്കുക.
ബേബി നക്ഷത്രയുടെ പ്രതിഫലത്തിന്റെ 20 ശതമാനം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നോ, പ്രമോഷനിടെ അവരുടെ അന്തസിനും സുരക്ഷയ്ക്കും വെല്ലുവിളിയാകുന്ന സംഭവങ്ങളുണ്ടായോ എന്നിവയും തൊഴില്‍ വകുപ്പ് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തൊഴില്‍ വകുപ്പിന് മുന്നില്‍ നവംബര്‍ നാലിന് സിനിമയുടെ നിര്‍മാതാക്കള്‍ ഹാജരാക്കണം.
രവി തേജയും ബേബി നക്ഷത്രയും അച്ഛനും മകളുമായി പ്രധാന വേഷങ്ങളില്‍ എത്തിയ ഇരുമുടി തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ്. മദ്യപാനിയായ തൃനാഥ് എന്ന അച്ഛന്റെ കഥാപാത്രമായിരുന്നു രവി തേജയ്ക്ക്. മണികണ്ഠ എന്ന മകളുടെ വേഷമായിരുന്നു ബേബി നക്ഷത്രയ്ക്ക്. മകള്‍ക്ക് വേണ്ടി അച്ഛന്‍ അയ്യപ്പ ദീക്ഷ സ്വീകരിക്കുന്നതും തുടര്‍ന്ന് ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പോരാടുന്നതുമാണ് സിനിമ.
പ്രിയ ഭവാനി ശങ്കര്‍, സായി കുമാര്‍, സുനില്‍, രമേഷ് ഇന്ദിര എന്നിവര്‍ക്കൊപ്പം മലയാളി താരം സ്വാസികയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ഇരുമുടി കാഴ്ചവെച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം 224 കോടി രൂപയും ആഗോളതലത്തില്‍ 246 കോടി രൂപയും ചിത്രം നേടി എന്നാണ് ട്രേഡ് അനലിസ്റ്റ് സക്‌നില്‍കിന്റെ കണക്ക്.


Click it and Unblock the Notifications
