Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ അടുത്ത ബംഗ്ലാദേശ് ആകാതെ നരേന്ദ്ര മോദി തടഞ്ഞ് നിർത്തിയത് എങ്ങനെ; ധീരമായ ആ നടപടികള്‍

ബംഗ്ലാദേശില്‍ അരങ്ങേറുന്ന നാടകീയ സംഭവവികാസങ്ങളെ വളരേയറെ അമ്പരപ്പോടേയും ആശങ്കയോടെയുമാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് കലാപം ആരംഭിക്കുകയും, ഒടുവില്‍ സൈന്യം തന്നെ ഇടപെട്ട് 45 മിനിറ്റിനുള്ളില്‍ അധികാരകസേരയില്‍ നിന്ന് താഴെ ഇറങ്ങണമെന്ന അന്ത്യശാസനം നല്‍കുന്നതും ലോകം അവിടെ കണ്ടു.

ചില ആഫ്രിക്കന്‍ രാജ്യങ്ങലെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യം അല്ലെങ്കിലും ബംഗ്ലാദേശില്‍ ആഴ്ചകള്‍ക്ക് മുമ്പ് സ്വപ്നത്തില്‍ പോലും കാണാത്ത സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം ആദ്യം അഞ്ചാം തവണയും അധികാരത്തിലെത്തിയ ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരായ പ്രതിഷേധം ആരംഭിക്കുന്നത് സംവരണ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു.

narendra-modi

1971-ലെ ബംഗ്ലാദേശ് വിമോചനസമരത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കള്‍ക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കമാണ് കലാപത്തിന്റെ മൂലകാരണമായത്. വിദ്യാർത്ഥികളാണ് ആദ്യം കലാപവുമായി തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിന്റെ പിന്നണിയിലും മുന്നണിയിലും പ്രതിപക്ഷ പാർട്ടികളും മറ്റ് സംഘടനകളും അണിനിരന്നപ്പോള്‍ രാജ്യം കലാപത്തിലേക്ക് വഴിമാറി. 80 കളില്‍ ഇന്ത്യയില്‍ അരങ്ങേറിയ മണ്ഡല്‍ കമ്മീഷന്‍ പ്രതിഷേധത്തെ അനുസ്മരിപ്പിക്കും വിധമുള്ള സമരമായും ബംഗ്ലാദേശ് സമരത്തെ കാണാം.

ഇന്ത്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 2014 മുതല്‍ അധികാരത്തിലുള്ള നരേന്ദ്ര മോദി സർക്കാറിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ വിവിധ കാലയളവില്‍ ഉയർന്ന് വന്നിട്ടുണ്ട്. നോട്ട് നിരോധനം മുതല്‍ കർഷക പ്രതിഷേധം വരെ വിവിധ സർക്കാർ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് വലിയൊരു വിഭാഗം മുന്നോട്ട് വന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന് ഈ പ്രതിഷേധങ്ങളെയെല്ലാം മികച്ച രീതിയില്‍ അതിജീവിക്കാനും സധിച്ചു.

2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത്. ചില സർക്കാർ തീരുമാനങ്ങളോട് വ്യാപകമായ എതിർപ്പുണ്ടായിട്ടും ഈ വിയോജിപ്പിനെ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഒരു വശത്ത് പ്രതിഷേധം നടക്കുമ്പോഴും മറുവശത്ത് സർക്കാറിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താന്‍ മോദിക്ക് സാധിച്ചു.

2014 മുതലുള്ള നരേന്ദ്ര മോദി സർക്കാറിന്റെ കാലത്ത് ഉയർന്ന് വന്ന പ്രതിഷേധങ്ങളും അതിനെ സർക്കാർ എങ്ങനെ വിജയകരമായി മറികടന്നു എന്നുമാണ് ഇവിടെ പരിശോധിക്കുന്നത്. ബംഗ്ലാദേശിലെ സാഹചര്യങ്ങളെ ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി താരതമ്യപ്പെടുത്താനുള്ള ചില പ്രതിപക്ഷ നേതാക്കളുടെ ശ്രമത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ പരിശോധന.

ബംഗ്ലാദേശിൽ നടക്കുന്നത് ഇവിടെയും സംഭവിക്കാം എന്നായിരുന്നു കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞത്. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും ഇന്ത്യയുടെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരുന്നു. "ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനമാണ് വിദ്യാർത്ഥികൾ ആരംഭിച്ചത്. ഇത് ഒരു പാഠമാണ്. ബംഗ്ലാദേശിന് മാത്രമല്ല, എല്ലാ സ്വേച്ഛാധിപതികൾക്കും." എന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകള്‍.

ias-delhi-

കോച്ചിങ് സെന്റർ മരണത്തിലെ പ്രതിഷേധം

ഈ വർഷം ജൂലൈ മാസത്തിൽ ബംഗ്ലദേശില്‍ വിദ്യാർത്ഥികള്‍ സർക്കാർ നിലപാടിനെതിരായി പോരാടുമ്പോൾ, സെൻട്രൽ ഡൽഹിയിലും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. യുപിഎസ്‌സി കോച്ചിംഗ് സെൻ്ററില്‍ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതോടെ ഡൽഹി സർക്കാരിനും ഡൽഹി മുനിസിപ്പാലിറ്റിക്കും കോച്ചിംഗ് സെൻ്ററുകൾക്കുമെതിരെ വിദ്യാർത്ഥികൾ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നു.

ഈ വിഷയത്തില്‍ മികച്ച ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തിയത്. കോച്ചിംഗ് സെൻ്ററുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ ഉടൻ തന്നെ ഒരു പാനൽ രൂപീകരിച്ചു. നരേല, രോഹിണി തുടങ്ങിയ സ്ഥലങ്ങളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മാറ്റി ഒരു വിദ്യാഭ്യാസ ഹബ് സൃഷ്ടിക്കാനുള്ള നിർദ്ദേശങ്ങളും ഉയർന്ന് വന്നു. ഈ സമയോചിതമായ നടപടിയാണ് വിദ്യാർത്ഥികളുടെ രോഷം തണുപ്പിച്ചത്.

agneepath

അഗ്നിപഥ് പദ്ധതി

ഏകദേശം രണ്ട് വർഷം മുമ്പ്, അതായത് 2022-ലാണ് ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെൻ്റുകള്‍ നവീകരിക്കുന്നതിന് വേണ്ടി അഗ്നിപഥ് എന്ന പേരില്‍ പുരോഗമനപരമായ ഒരു പദ്ധതി കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്.

പരമ്പരാഗത റിക്രൂട്ട്‌മെൻ്റ് രീതികളെ മാറ്റി സ്ഥാപിക്കുന്നതായിരുന്നു അഗ്നിപഥ് പദ്ധതി. റിക്രൂട്ട്മെന്റ് നടപടി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനോടൊപ്പം തന്നെ കാര്യക്ഷമത വർധിപ്പിക്കാനും അഗ്നിപഥ് പദ്ധതി സഹായകരമായി. റിക്രൂട്ട് ചെയ്തവരിൽ 75% പേർക്കും നാല് വർഷത്തിന് ശേഷം കരിയറും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന ശക്തമായ സാമ്പത്തിക പാക്കേജുമായി മാറുമെന്നതും അഗ്നിപഥിന്റെ പ്രത്യേകതയാണ്.

പദ്ധതിയുടെ തുടക്കത്തില്‍ പ്രതിഷേധങ്ങളും വെല്ലുവിളികളും ഉയർന്നെങ്കിലും, പ്രധാനമന്ത്രി മോദിയുടെ നിർണായക ഇടപെടൽ ഈ പ്രതിഷേധങ്ങളെ ഇല്ലാതാക്കി. രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നു ഈ ഇടപെടല്‍. പ്രതിരോധ മേഖലയിൽ അതിൻ്റെ പരിവർത്തനപരമായ സ്വാധീനം ചെലുത്തുന്ന ഈ പദ്ധതിയില്‍ പുനരവലോകനം വേണമെന്ന രാഷ്ട്രീയപരമായ ആവശ്യങ്ങള്‍ ബിജെപിയുടെ സഖ്യകക്ഷികളില്‍ നിന്നും ഉയർന്നിട്ടുണ്ട്.

demonitisaton

നോട്ട് നിരോധനം

2016-ലെ നോട്ട് നിരോധനം 1.3 ബില്യണിലധികം ആളുകളെ നേരിട്ട് ബാധിച്ച മോദി സർക്കാരിൻ്റെ ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. പെട്ടെന്ന് ഒരു രാത്രിയില്‍ പ്രധാനമന്ത്രി വന്ന് നടത്തിയ പ്രഖ്യാപനം രാജ്യത്തെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. എന്നിരുന്നാലും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ആത്യന്തികമായി രാജ്യത്തിന് ഗുണകരമായി മാറുമെന്ന പൊതുധാരണ അന്ന് തന്നെ ഉണ്ടായിരുന്നു. നോട്ട് അസാധുവാക്കൽ കാലത്ത് ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നിട്ടും, സർക്കാറിലുള്ള വിശ്വാസം അവർ കാത്തുസൂക്ഷിച്ചു. പ്രതിഷേധങ്ങളും വിമർശനങ്ങലും അരാജകത്വത്തിന് വഴിമാറാതെ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങി.

ഇഡബ്ല്യൂഎസ് സംവരണം

2019-ലാണ് മോദി സർക്കാർ പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും 10% സംവരണം ഏർപ്പെടുത്തുന്നത്. ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമായിരുന്നു. ഇന്ത്യയിൽ സംവരണം ഒരു സെൻസിറ്റീവ് വിഷയമായതിനാല്‍ തന്നെ ഈ നീക്കത്തിന് സമ്മിശ്രമായ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നിട്ടും സർക്കാറിന് ഈ വിഷയത്തിലും ബഹുഭൂരിപക്ഷത്തിന്റേയും പിന്തുണ നേടാന്‍ സാധിച്ചു. ഈ തീരുമാനം മണ്ഡല്‍ കമ്മീഷൻ പോലുള്ള ഒരു സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചേക്കാമെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും മോദി സർക്കാർ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുക്കുകയും പദ്ധതി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.

jammu-kashmir-

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയല്‍

2019 ഓഗസ്റ്റ് 5-നാണ് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് മോദി സർക്കാർ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കുന്നത്. സ്വാഭാവികമായും വലിയ പ്രതിഷേധം കശ്മീരില്‍ നിന്നും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയർന്നു. എന്നാല്‍ പ്രാദേശിക ജനവിഭാഗങ്ങളെ സമാധാനിപ്പിക്കാൻ മോദി സർക്കാർ എൻഎസ്എ അജിത് ഡോവലിനെ നേരിട്ട് കശ്മീരിലേക്ക് അയച്ചു. കശ്മീരികൾ മോദി സർക്കാരിൽ കാണിച്ച പിന്തുണയും ആത്മവിശ്വാസവും, ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ എൻഡിഎ സർക്കാർ എങ്ങനെ വിജയിച്ചു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ്.

ബാബരി മസ്ജിദ് വിഷയത്തിലെ കോടതി വിധി

2019 നവംബർ 9 ന് രാമജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. അശാന്തിക്ക് സാധ്യതയുണ്ടെന്ന പ്രാഥമിക ആശങ്കകൾക്കിടയിലും കേന്ദ്ര സർക്കാർ സമാധാനപരമായ അന്തരീക്ഷം രാജ്യത്ത് ഉറപ്പാക്കി. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ വിധി രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടു. വളരെക്കാലമായി നില നിന്ന ഒരു വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി പ്രതിപക്ഷത്തെ പോലും അമ്പരപ്പിച്ചു.

caa

പൗരത്വ ഭേദഗതി നിയമം

2019-ൽ, ആർട്ടിക്കിൾ 370 റദ്ദാക്കലിനും അയോധ്യ വിധിക്കുമൊപ്പം, പാർലമെൻ്റ് പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കി. സിഎഎയ്‌ക്കെതിരായ പ്രതിഷേധം ഡൽഹിയിൽ അക്രമാസക്തമാവുകയും വർഗീയ കലാപത്തിലേക്ക് നയിക്കുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും, ക്രമസമാധാനപാലനത്തിനായി കൊവിഡ് മഹാമാരി സമയത്ത് നിയന്ത്രണം ആവശ്യമായി വന്നപ്പോൾ കർശന നടപടി സ്വീകരിച്ചു. ഈ പ്രതിഷേധത്തിനിടെ രാഷ്ട്രീയ ലക്ഷ്യങ്ങളും അക്രമത്തിന് ആക്കം കൂട്ടി. ഒടുവിൽ ഈ വിഷയത്തിലും സമാധാനം വീണ്ടെടുക്കാന്‍ സർക്കാറിന് സാധിച്ചു.

farmers-protest

കർഷക പ്രതിഷേധം

കൊവിഡ് മഹാമാരി സമയത്ത് തന്നെയാണ് കർഷക സംഘടനകൾ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധം ആരംഭിക്കുന്നത്. രാജ്യത്ത് റോഡുകളില്‍ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായി ഇത് മാറി. 2021 ജനുവരി 26 ന്, ട്രാക്ടർ റാലിയുടെ മറവിൽ ചില ശക്തികള്‍ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചു. പ്രതിഷേധക്കാർക്കിടയിലും വിനാശകരമായ ഈ ശക്തികളെ നിയന്ത്രിക്കാൻ സർക്കാരും ഡൽഹി പോലീസും സംയമനം പാലിച്ചു.

കർഷക പ്രക്ഷോഭങ്ങളിലും സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിലും സർക്കാറിന് കർശനമായ നടപടി സ്വീകരിച്ച് സാഹചര്യം കൂടുതൽ വഷളാക്കാമായിരുന്നു. ഈ രണ്ട് സന്ദർഭങ്ങളിലും സാമൂഹിക വിരുദ്ധ ശക്തികൾ സജീവമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ഫലപ്രദമായി നേരിടാന്‍ സർക്കാറിന് സാധിച്ചു. വിവിധ പ്രതിസന്ധികളെ മോദി സർക്കാർ കൈകാര്യം ചെയ്യുന്ന രീതി, സങ്കീർണ്ണമായ സാഹചര്യങ്ങളെ പൊതുജന പിന്തുണയോടെയും തന്ത്രപരമായ സംയമനത്തോടെയും നിയന്ത്രിക്കാനുള്ള ശേഷിയും ഇവിടെ വ്യക്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+