കേന്ദ്രം പുറത്തിറക്കുന്ന 75 രൂപയുടെ നാണയം എങ്ങനെ ലഭിക്കും? ചെലവഴിക്കാൻ സാധിക്കുമോ?
ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്ര ധനകാര്യമന്ത്രാലയം. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെ സത്യമേവ ജയതേ എന്നും ആലേഖനം ചെയ്യും. ഇടതുവശത്തായി 'ഭാരത്' എന്നത് ദേവനാഗിരി ലിപിയിലും വലത് 'ഇന്ത്യ' എന്ന് ഇംഗ്ലീഷിലും എഴുതും.
വൃത്താകൃതിയിലുള്ള നാണയത്തിന് 44 മില്ലി മീറ്ററാണ് ചുറ്റളവ്. 50 ശതമാനം വെള്ളി. 40 ശതമാനം ചെമ്പ് , 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് എന്നിവ അടങ്ങിയ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് 35 ഗ്രാം നാണയം നിർമിക്കുന്നത്.

പാർലമെന്റിന്റെ ചിത്രത്തിന് താഴെ നാണയം പുറത്തിറക്കിയ വർഷം സൂചിപ്പിക്കാൻ 2023 എന്ന് ആലേഖനം ചെയ്യും . നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും അതിന് താഴെ സത്യമേവ ജയതേ എന്ന വാചകവും ഉണ്ടാകും. ഇതിന് താഴെയായി രൂപയുടെ ചിഹ്നംവും 75 എന്ന് അക്കങ്ങളിൽ ആലേഖനം ചെയ്തിട്ടുമുണ്ടാകും. അതേസമയം ഇത് ആദ്യമായല്ല 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. 2020 ലും ഈ നാണയം പുറത്തിറക്കിയിരുന്നു. ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ടാണ് 75 രൂപ നാണയം പുറത്തിറക്കിയത്.
പ്രത്യേക പരിപാടികളുടെ സ്മരണയ്ക്കായി പുറത്തിറക്കുന്ന നാണയങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കില്ല. സ്വർണവും വെള്ളിയും പോലെയുള്ള വിലയേറിയ ലോഹങ്ങളുള്ള, ഉയർന്ന മൂല്യമുള്ള നാണയങ്ങൾ സാധാരണ പോലെ നിയമപരമായ ടെൻഡറായി പുറത്തിറക്കില്ല. ഇത്തരത്തിലുള്ള നാണയം ശേഖരിക്കാൻ താല്പര്യമുള്ള പൗരന്മാർക്ക് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നും വാങ്ങിക്കാം.
സ്മരണാർത്ഥമുള്ള നാണയങ്ങൾ ആരാണ് നിർമ്മിക്കുന്നത്?
മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ 4 നാണയ അച്ചടി കേന്ദ്രങ്ങളിൽ ആണ് ഈ 75 രൂപ നാണയങ്ങൾ ഉണ്ടാക്കുന്നത്. പരിമിതമായ എണ്ണം മാത്രമേ ഇവ നിർമ്മിക്കുകയുളളൂ. ഇത്തരത്തിലുള്ള നാണയങ്ങൾ വാങ്ങുന്നതിനുള്ള ബുക്കിംഗ് സാധാരണ 3 മുതൽ 6 മാസം മുമ്പ് ആരംഭിക്കും. നാണയം വാങ്ങാൻ വ്യക്തികൾക്ക് നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കാം. ഈ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ വിൽപനയ്ക്ക് ലഭ്യമായ നാണയങ്ങളും അവയുടെ വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും.












Click it and Unblock the Notifications