കോൺഗ്രസിന് വൻ ബൂസ്റ്റ്; നാഗാലാൻഡിൽ സംസ്ഥാന ഉപാധ്യക്ഷനടക്കം 15 എൻപിപി നേതാക്കൾ കോൺഗ്രസിൽ
കോൺറാഡ് കെ സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ 15 നേതാക്കൾ കോൺഗ്രസിൽ ചേർന്നു. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ബിതോം സങ്തം അടക്കമുള്ള നേതാക്കളാണ് പാർട്ടിയിൽ എത്തിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ലോക്സഭ എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയനു എന്നിവർ ചേർന്ന് നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പാർട്ടി സെക്രട്ടറിമാരായ ബിപിൻ കുമാർ ഷാ, അകിതോ ചിഷി, മീഡിയ സെക്രട്ടറി സിമോ, മഹിള സംസ്ഥാന നേതാവ് ഇല്ലിന സോഹേ തുടങ്ങിയ പ്രമുഖരും യുവജന വിഭാഗം നേതാക്കളുമാണ് പാർട്ടിയിൽ ചേർന്നത്. അതേസമയം എൻ പി പി നേതൃത്വവുമായി അതൃപ്തി ഉണ്ടായത് കൊണ്ടല്ല പാർട്ടി വിട്ടതെന്ന് നേതാക്കൾ പ്രതികരിച്ചു. രാഷ്ട്രീയപരമായി മുന്നേറ്റമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങളെ കൂടുതൽ മികച്ച രീതിയിൽ സേവിക്കാൻ ഏറ്റവും ഉത്തമം കോൺഗ്രസ് ആണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പാർട്ടിയിൽ ചേർന്നതെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് വളരാൻ ഏറ്റവും മികച്ച കളരിയാണ് കോൺഗ്രസ് എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

2003 വരെ നാഗാലാന്റിൽ കോൺഗ്രസ് ആയിരുന്നു ഭരണത്തിൽ. എന്നാൽ പിന്നീട് ഇങ്ങോട്ട് സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടന ശക്തി തകർന്നു. 2003 ന് ശേഷം തുടർച്ചയായി എൻ പി പിയായിരുന്നു സംസ്ഥാനത്ത് ഭരണത്തിലെത്തിയത്. എന്നാൽ 2018 ൽ എൻ ഡി പി പി-ബി ജെ പി സഖ്യം എൻപിപിയെ വീഴ്ത്തി അധികാരം പിടിച്ചു. 2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് തന്നെയായിരുന്നു വിജയം.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് കാഴ്ചവെച്ചത്. കടുത്ത പ്രതിസന്ധികൾക്കിടെയും സുപോങ്മറെൻ ജാമിർ ലോക്സഭയിലേക്ക് വിജയിച്ചു. നിലമെച്ചപ്പെടുത്തുന്നതിനിടയിൽ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കൾ എത്തുന്നത് ആവേശത്തോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നത്.
നേതാക്കളുടെ പ്രവേശനം വലിയ വഴിത്തിരിവാണെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സാധാരണ നിലയിൽ ഭരിക്കുന്ന പാർട്ടിയിലേക്കാണ് ഇത്തരത്തിൽ കൂട്ടത്തോടെ നേതാക്കൾ ചേക്കേറാറുള്ളത്. എന്നാൽ കോൺഗ്രസിലേക്ക് നേതാക്കൾ എത്തിയതോടെ പാർട്ടിക്ക് സംസ്ഥാനത്ത് വർധിച്ചുവരുന്ന ജനപിന്തുണയാണ് വ്യക്തമാക്കുന്നത്. തങ്ങൾ ഒന്നിച്ച് നാഗാലാൻഡിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് നേതൃത്വം പറഞ്ഞു.












Click it and Unblock the Notifications