ട്രംപിന്റെ പണിയേറ്റില്ല, ഇന്ത്യയിലെ ചെമ്മീന്‍ ഇനി പറക്കും അങ്ങ് യൂറോപ്പിലേക്ക്..!
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ രാജ്യത്തെ സമുദ്രോത്പന്ന വ്യവസായത്തിന് സന്തോഷവാര്‍ത്ത. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ നിന്ന് അംഗ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി 102 പുതിയ ഇന്ത്യന്‍ മത്സ്യബന്ധന യൂണിറ്റുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി.
2023-24 ല്‍ 110 കോടി ഡോളറിന്റെ സമുദ്രോല്‍പന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് നടത്തിയത്. യുഎസ് ഏര്‍പ്പെടുത്തിയ കടുത്ത തീരുവകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. യുഎസ് ഏര്‍പ്പെടുത്തിയ കടുത്ത തീരുവകള്‍ രാജ്യത്തിന്റെ ചെമ്മീന്‍ കയറ്റുമതിയെ ബാധിക്കുകയും തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോല്‍പന്ന വിപണിയാണ് അമേരിക്ക. അതിനാല്‍ അവിടേക്കുള്ള കയറ്റുമതി ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഏറക്കുറെ നിലച്ചമട്ടായിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ആ ആഘാതത്തില്‍ ചെറിയ ആശ്വാസം നല്‍കും. നേരത്തേ നിരവധി ഇന്ത്യന്‍ കമ്പനികളെ കയറ്റുമതി പട്ടികയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ ഒഴിവാക്കിയിരുന്നു.
പുതിയ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നുമില്ല. യുഎസിലേക്കുള്ള മൊത്തം സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഭൂരിഭാഗവും ചെമ്മീന്‍ ആയിരുന്നു. നിലവില്‍ അനുമതി ലഭിച്ച 102 കമ്പനികളില്‍ ഭൂരിഭാഗവും ശ്രദ്ധിക്കുന്നതും ചെമ്മീന്‍ കയറ്റുമതിയിലാണ്. പുതിയ സ്ഥാപനങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നതിലൂടെ, രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതിയുടെ വൈവിധ്യവല്‍ക്കരണത്തിന് സഹായിക്കും.
'ഈ നീക്കം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയിലും ഗുണനിലവാര ഉറപ്പ് സംവിധാനങ്ങളിലും വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു, കൂടാതെ ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍, പ്രത്യേകിച്ച് അക്വാകള്‍ച്ചര്‍ ചെമ്മീന്‍, സെഫലോപോഡുകള്‍ (കണവ, കട്ടില്‍ ഫിഷ്, ഒക്ടോപസ്) എന്നിവയുടെ വിപണി പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ചുവടുവയ്പ്പായി ഇത് അടയാളപ്പെടുത്തുന്നു,' മേഖലയമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലും ന്യൂഡല്‍ഹിയിലും നടന്ന നിരവധി യോഗങ്ങളെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി കര്‍ശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നു, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചിട്ടുള്ളവ. ഭക്ഷ്യ സുരക്ഷ, കണ്ടെത്തല്‍, ഇയു നിയന്ത്രണങ്ങള്‍ പാലിക്കല്‍ എന്നിവയിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ഈ നീക്കം പ്രതിഫലിപ്പിക്കുന്നു.
ഉയര്‍ന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങളുടെ വിശ്വസ്ത വിതരണക്കാരന്‍ എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതും ആണിത്. കയറ്റുമതി അളവ് വര്‍ധിപ്പിക്കാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, വിദേശനാണ്യ വരുമാനം വര്‍ദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് വാണിജ്യ വകുപ്പ് കരുതുന്നു. ആഗോളതലത്തില്‍ ഏറ്റവും ലാഭകരവും ഗുണനിലവാര സംവേദനക്ഷമതയുള്ളതുമായ വിപണികളില്‍ ഒന്നായ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയും ഈ വികസനം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications