മുസ്ലിം ലീഗിന് ആശ്വാസം; നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി, കോടതിയില്‍ നടന്നത്...
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വിയുടെ ആവശ്യം. ഇതിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
സമാനമായ ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലുണ്ടെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം പാര്‍ട്ടിക്ക് വേണ്ടി ഹാജരായ കെകെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന് സമാനമായ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളാന്‍ കോടതി തീരുമാനിച്ചത്.

മതപരമായ പേരും ചിഹ്നങ്ങളുമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണ് ഹര്‍ജിക്കാരനായ വസീം റിസ്വിയുടെ ഇപ്പോഴത്തെ പേര്. അടുത്തിടെ റിസ്വി ഹിന്ദുമതം സ്വീകരിച്ചാണ് പേര് മാറ്റിയത്. മുസ്ലിം ലീഗ്, എംഐഎം എന്നീ പാര്‍ട്ടികള്‍ക്കെതിരെയാണ് പരാതിക്കാരന്‍ പ്രധാനമായും രംഗത്തുവന്നിരുന്നത്.
ഇക്കാര്യം സത്യവാങ്മൂലത്തില്‍ മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വേറെയും പാര്‍ട്ടികളുണ്ടെന്നും മുസ്ലിം ലീഗ് ബോധിപ്പിച്ചിരുന്നു. ശിവസേന, അകാലിദള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉദാഹരണങ്ങളാണ്. ബിജെപിയുടെ താമര ചിഹ്നം ഹിന്ദു-ബുദ്ധ മതവുമായി ബന്ധപ്പെട്ടതാണെന്നും വിശദീകരിച്ചു.
ഇന്ന് ഹര്‍ജി പരിഗണിച്ച വേളയില്‍ പിന്‍വലിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജി തള്ളരുതെന്നും പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഹൈക്കോടതിയെ സമീപിക്കാനുള്ള അനുമതി തരണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇതിന് അനുമതി നല്‍കുകയും ചെയ്തു.
മുസ്ലീം ലീഗിന് വലിയ ആശ്വാസമാണ് സുപ്രീംകോടതിയുടെ തീരുമാനം. നേരത്തെ ഈ ഹര്‍ജി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സമാനമായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട് എന്ന് എംഐഎമ്മിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. ചില പാര്‍ട്ടികളെ മാത്രമാണ് ഹര്‍ജിക്കാരന്‍ ലക്ഷ്യമിടുന്നത് എന്ന് മുസ്ലിം ലീഗ് കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.












Click it and Unblock the Notifications