അനിൽ അംബാനിയുടെ വീടടക്കം 3000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി, മുംബൈ മുതൽ കാഞ്ചീപുരം വരെ
മുംബൈ: അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുംബൈ മുതല്‍ കാഞ്ചീപുരം വരെയുളള അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പത് ആസ്തികളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ഇതില്‍ മുംബൈ പാലി ഹില്‍സിലുളള അനില്‍ അംബാനിയുടെ കുടുംബ വീട് അടക്കമുണ്ട്.
ഡല്‍ഹിയിലെ റിലയന്‍സ് സെന്ററിന്റെ വസ്തു, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലേത് അടക്കം 3084 കോടിയുടെ വസ്തുവകകള്‍ ഇഡി പിടിച്ചെടുത്തവയിലുണ്ട്.
താമസസ്ഥലങ്ങള്‍, ഓഫീസുകള്‍, സ്ഥലങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. അനില്‍ അംബാനിക്കും ഗ്രൂപ്പ് കമ്പനികള്‍ക്കും എതിരെയുളള കളളപ്പണം വെളുപ്പിക്കല്‍, ലോണ്‍ തട്ടിപ്പ് അടക്കമുളള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇഡിയുടെ നടപടി.ഒക്ടോബര്‍ 31നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിറങ്ങിയത്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പൊതു ഫണ്ടുകൾ വകമാറ്റുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് കേന്ദ്ര ഏജൻസി അറിയിച്ചു.
2017-നും 2019-നും ഇടയിൽ യെസ് ബാങ്ക് റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്ൽ 2,965 കോടി രൂപയും റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്-ൽ 2,045 കോടി രൂപയും വിവിധ നിക്ഷേപ മാർഗ്ഗങ്ങളിലൂടെ നിക്ഷേപിച്ചതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. 2019 ഡിസംബറോടെ ഈ നിക്ഷേപങ്ങളെല്ലാം കിട്ടാക്കടമായി മാറി. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്-ന് 1,353.50 കോടി രൂപയും റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്-ന് 1,984 കോടി രൂപയുമാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്.












Click it and Unblock the Notifications