വീണ്ടും എട്ടിന്റെ പണി!! പവന്‍ കല്യാണ്‍ ബിജെപിയെ കൈവിട്ടു... ജഗന്‍ റെഡ്ഡിയെ വീഴ്ത്തുമോ
ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടി നേരിടുകയാണ്. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ട പിന്നാലെ ആന്ധ്ര പ്രദേശില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബിജെപിയുമായി അകന്നു. എന്‍ഡിഎ സഖ്യം വിടുകയാണെന്നും ഇനി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചു.
ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ചന്ദ്രബാബു നായിഡുവിനോട് പ്രതികാരം ചെയ്യുന്നുവെന്നാണ് ജനസേന പാര്‍ട്ടിയുടെ നിലപാട്. അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡു ഇപ്പോള്‍ ജയിലിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് ജഗന്‍ റെഡ്ഡി പ്രവര്‍ത്തിക്കുന്നത് എന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തില്‍ കൂടിയാണ് പവന്‍ കല്യാണ്‍ പുതിയ സഖ്യം പ്രഖ്യാപിച്ചത്.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വിട്ട് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) യുമായി സഖ്യം ചേരുകയാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ആന്ധ്രയില്‍ ടിഡിപിയുടെ ഭരണം തിരിച്ചുവരണം. ഇപ്പോള്‍ അവര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ജനസേന ടിഡിപിക്കൊപ്പം ചേര്‍ന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിക്കുമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിനാണ് ചന്ദ്ര ബാബു നായിഡുവിനെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു അറസ്റ്റ്. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നായിഡു ഇപ്പോള്‍ ജയിലിലാണ്. പവന്‍ കല്യാണും ടിഡിപി നേതാക്കളും ജയിലിലെത്തി നായിഡുവിനെ കണ്ടു. നന്ദമുരി ബാലകൃഷ്ണയും പവന്‍ കല്യാണിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട്.
പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത് ബിജെപിക്ക് ആന്ധ്രയില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇതുവരെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപി സാധിക്കാത്ത സംസ്ഥാനമാണ് ആന്ധ്ര. പവന്റെ വരവ് ഇതില്‍ മാറ്റം വരുത്തുമെന്ന് ബിജെപി കണക്കുകൂട്ടിയിരുന്നു. അതിനിടെയാണ് നായിഡുവിന്റെ അറസ്റ്റുണ്ടായതും ആന്ധ്ര രാഷ്ട്രീയം മാറിമറിഞ്ഞതും.
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സമീപകാലത്തായി വലിയ തിരിച്ചടികളാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറെ കാലമായി ഒപ്പമുണ്ടായിരുന്ന അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇതോടെ തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താകുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ബിജെപിയെ കൈവിടുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.
കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിര്‍ത്തി പുതിയ നീക്കത്തിന് ബിജെപി ഒരുങ്ങിയിരുന്നു. എന്നാല്‍ മണിപ്പൂര്‍ കലാപം തടസമായി. നിലവില്‍ ബിജെപിയുമായി ക്രൈസ്തവ നേതാക്കളും അകന്നു. അതിനിടെയാണ് ഇടുക്കിയില്‍ പ്രമുഖ ക്രൈസ്തവ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിനെതിരെ സഭ നടപടിയെടുക്കുകയും ചെയ്തു.












Click it and Unblock the Notifications