ഹൈദരാബാദില്‍ തകര്‍ത്തടിച്ച് ബിജെപി; ഭരണത്തിലേക്ക്?; ചാണക്യ തന്ത്രത്തില്‍ ഞെട്ടി ഒവൈസിയും കെസിആറും
ഹൈദരബാദ്: അമിത് ഷാ ഉള്‍പ്പടേയുള്ള പ്രമുഖരെ കേവലം ഒരു കോര്പ്പറേഷന് തിരഞ്ഞെടുപ്പിലെ പ്രചാരണ രംഗത്ത് ഇറക്കിയപ്പോള്‍ തന്നെ ഹൈദരാബാദില്‍ ഇത്തവണ ബിജെപി രണ്ടും കല്‍പ്പിച്ചാണെന്ന് വ്യക്തമായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം ശക്തമായ സാന്നിധ്യമായിട്ടും തെക്കേ ഇന്ത്യയില്‍ വ്യക്തമായ വേരോട്ടം ഉണ്ടാക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കര്‍ണാടകയില്‍ ഭരണം ലഭിച്ചെങ്കിലും കോണ്‍ഗ്രസ് ശക്തമാണ്. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാവട്ടെ ഇതുവരെ ബിജെപിക്ക് പിടികൊടുത്തില്ല. ഹൈദരാബാദ് പിടിച്ചെടുക്കുന്നതിലൂടെ ഈ സംസ്ഥാനങ്ങളില്‍ കൂടി ശക്തമായ സാന്നിധ്യമാവാനുള്ള തന്ത്രങ്ങള്‍ക്ക് തുടക്കമാവുമെന്നാണ് ബിജെപി നേതാക്കള്‍ തന്നെ വ്യക്തമാക്കിയത്.

ഹൈദരാബാദ് കോര്പ്പറേഷന്
കേവലം ഒരു തദ്ദേശ തിരഞ്ഞെടുപ്പായിട്ടല്ല ഹൈദരാബാദ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിനെ ബിജെപി കണ്ടതെന്ന് വ്യക്തമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം എത്തി ഹൈദരാബാദില്‍ കൂറ്റന്‍ റോഡ് ഷോ നടത്തി. ഹൈദരാബാദ് പിടിച്ചെടുത്തതിന് ശേഷം ടിആര്‍എസ് ഭരിക്കുന്ന തെലങ്കാനയുടെ ഭരണം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ തവണ
കോര്‍പ്പറേഷനിലെ 150 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ നാലെണ്ണത്തില്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ ബിജെപി ഏവരേയും ഞെട്ടിച്ചുകൊണ്ട് മുന്നേറുന്നതാണ് കാണാന്‍ കഴിയുന്നത്. ഒരു പക്ഷെ അവരുടെ തന്നെ പ്രതീക്ഷകള്‍ക്കും അപ്പുറത്തെ ലീഡ് നിലയാണ് വോട്ടെണ്ണലിന്റെ ആദ്യ മൂന്നര മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബിജെപിക്ക് ലഭിക്കുന്നത്.

ബിജെപി മുന്നേറ്റം
138 വാര്‍ഡുകളിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ 89 സീറ്റുകളിലാണ് ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. നിലവിലെ ലീഡ് നില നിര്‍ത്താന്‍ കഴിഞ്ഞാല്‍ നൂറിന് മുകളിലേക്ക് സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിക്കും. ഹൈദരാബാദിന്റെ ചരിത്രത്തില്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി കഴിഞ്ഞ തവണത്തേതില്‍ നിന്നും ഇത്ര വലിയ മുന്നേറ്റമുണ്ടാക്കുന്നത് ഇതാദ്യമായാണ്. തെലങ്കാനയില്‍ മാറ്റം തുടങ്ങിയെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

ടിആര്‍എസിന് തിരിച്ചടി
അതേസമയം കഴിഞ്ഞ തവണ 90 സീറ്റുകള്‍ നേടിയ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിനും അസദുദ്ദീന്‍ ഓവൈസിയുടെ എഐഎംഐഎമ്മിനും വലിയ തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നിരിക്കുന്നത്. ടിആര്‍എസ് 33 സീറ്റിലും എഐഎംഐഎം 19 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 44 സീറ്റിലായിരുന്നു അസദുദ്ധീന്‍ ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചിരുന്നത്.

ദുബ്ബാക്ക മണ്ഡലം
കോണ്‍ഗ്രസിന് രണ്ട് വാര്‍ഡും ടിഡിപിക്ക് ഒരു വാര്‍ഡും 2015 ല്‍ ലഭിച്ചിരുന്നു. ഇത്തവണ കോണ്‍ഗ്രസ് ഒരു വാര്‍ഡില്‍ ലീഡ് ചെയ്യുമ്പോള്‍ ടിഡിപി ഒരിടത്തുമില്ല. കെസിആറിന്റെ ശക്തികേന്ദ്രമായിരുന്ന ദുബ്ബാക്ക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1000 വോട്ടിനു വിജയിക്കാന്‍ കഴിഞ്ഞതോടെ തന്നെ ഹൈദരാബാദില്‍ ഇത്തവണ അട്ടിമറിയുറപ്പാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. സംസ്ഥാന വിഭജനത്തിന് ശേഷം തെലങ്കാലനിയല് കോണ്‍ഗ്രസ് ദുര്‍ബലമായതും ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായി.

തെലങ്കാനയിലെ കോണ്‍ഗ്രസ്
2019 ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കിലും പിന്നീട് പത്തിലേറെ അംഗങ്ങള്‍ ടിആര്‍എസിലേക്ക് ചേക്കേറിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ബിജെപി പ്രചാരണ തന്ത്രവും വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസിനെ കാര്യമാക്കാതെ ടിആര്‍എസിനും എഐഎംഐമ്മിനും എതിരെയായിട്ടായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണം.

വികസനത്തിനു തടസ്സം
ടിആർഎസും എഐഎംഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ വികസനത്തിനു തടസ്സമെന്നായിരുന്നു ബിജെപിയുടെ വാദം. ഈ വര്‍ഷം ആദ്യം ഉണ്ടായ പ്രളയം ഉള്‍പ്പടേയുള്ള വിഷയങ്ങളും ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമായി. പ്രളയമില്ലാത്ത നഗരമായി ഹൈദരാബാദ് മാറും. പ്രളയ ജലം ഏഴു ലക്ഷത്തോളം വീടുകളിലേക്കാണ് കയറിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്. ബിജെപിക്ക് ഒരു അവസരം തന്നാല്‍ ഞങ്ങള്‍ ഇത് പരിഹരിച്ച് കാണിച്ച് തരമാമെന്നതായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

ജനസംഖ്യാനുപാതം
യോഗിക്കും അമിത് ഷായ്ക്കും പുറമെ ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ തുടങ്ങിയ വന്‍ നേതാക്കളും ഹൈദരാബാദില്‍ തമ്പടിച്ച് പ്രവര്‍ത്തനം നടത്തി. ഹൈദരാബാദിലെ ജനസംഖ്യാനുപാതവും ബിജെപി കൃത്യമായി വിനിയോഗിച്ചു. ജനസംഖ്യയുടെ 44% മുസ്ലിംകളാണ്; ഹിന്ദുക്കൾ 52 ശതമാനവും.

മുസ്ലിംങ്ങള്‍
മുസ്ലിംങ്ങള്‍ പൊതുവെ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിനാണ് വോട്ട് ചെയ്യാറുള്ളത്. ഈ സാഹചര്യത്തില്‍ ധ്രൂവീകരണ തന്ത്രവും തിരഞ്ഞെടുപ്പില്‍ ധാരാളമായി പ്രയോഗിക്കപ്പെട്ടു. ഉവൈസിയെ ജിന്നയോടു താരതമ്യം ചെയ്തപ്പോള്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് ആദിത്യനാഥ് പ്രഖ്യാപിച്ചു. തെലങ്കാനയിൽ നൈസാം വാഴ്ച അവസാനിപ്പിക്കുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.