കഞ്ചാവ് കേസില്‍ ആശുപത്രിയുടെ വനിതാ ഉടമ അറസ്റ്റില്‍; സ്പെയിനില്‍ പഠനത്തിനിടെ അടിമയായി
ഹൈദരാബാദ്: കഞ്ചാവ് കേസില്‍ ആശുപത്രിയുടെ വനിതാ ഉടമ അറസ്റ്റില്‍. ഹൈദരാബാദിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയുടെ സിഇഒ നമ്രത ചിഗുരുപതി ആണ് അറസ്റ്റിലായത്. അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായുള്ള മയക്കുമരുന്ന് വിതരണക്കാരനായ വാന്‍ഷ് തക്കറാണ് ഇവര്‍ക്ക് കൊറിയറില്‍ മയക്കുമരുന്ന് അയച്ചുകൊടുത്തത്. ഇതു വാങ്ങുന്നതിനിടെയാണ് 34 കാരിയായ നമ്രത ചിഗുരുപതി അറസ്റ്റിലായത്.
ഹൈദരാബാദിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയായിരുന്ന വാന്‍ഷിന്റെ സഹായി ബാലകൃഷ്ണയും അറസ്റ്റിലായി. റായ്ദുര്‍ഗം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആശുപത്രി സിഇഒ തന്നെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അതീവ ഗൗരവത്തോടെയാണ് പൊലീസ് കേസ് പരിഗണിക്കുന്നത്.

മയക്കുമരുന്നിനായി നമ്രത വാട്‌സ്ആപ് വഴിയാണ് തക്കറുമായി ബന്ധപ്പെട്ടത്. അഞ്ചു ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് തുക കൈമാറിയത്. ചോദ്യം ചെയ്യലിനിടെ, മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപയോളം താന്‍ ഇതുവരെ ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കായി വലവിരിച്ചത്. പൊലീസ് ഇവരില്‍ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തി നമ്രതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സ്‌പെയിനില്‍ എംബിഎയ്ക്ക് പഠിക്കുമ്പോഴാണ് നമ്രത കൊക്കെയ്ന് അടിമയായി മാറിയത്. കൊച്ചിയിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് റേഡിയേഷന്‍ ഓങ്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ഡോക്ടറേറ്റ് നേടിയ ശേഷം 2017-ലാണ് ഇവര്‍ സ്‌പെയിനിലേക്കു പോയത്. അവിടെ സുഹൃത്തുക്കളോടൊപ്പം വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇതിന്റെ അടിമയായി മാറി. സ്‌പെയിനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം അവര്‍ ഈ ശീലം തുടര്‍ന്നു.
ആശുപത്രി സിഇഒ ആയിട്ടും ഈ ദുശീലം വിട്ടുമാറിയില്ല. തക്കറില്‍ നിന്നാണ് മയക്കുമരുന്ന് സ്ഥിരമായി വാങ്ങുന്നതെന്ന് നമ്രത സമ്മതിച്ചു. മയക്കുമരുന്ന് ആവശ്യമുള്ളപ്പോഴെല്ലാം വാട്‌സ്ആപില്‍ സന്ദേശം അയയ്ക്കും. ഒന്നുകില്‍ തക്കര്‍ സ്വയം എത്തിക്കും. അല്ലെങ്കില്‍ ആരെയെങ്കിലും അയയ്ക്കും.
അതേസമയം, വാന്‍ഷ് തക്കര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വലിയ മയക്കുമരുന്ന് ശൃംഖല ഓപ്പറേഷനിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കായി പഴുതടച്ച രീതിയില്‍ വല വിരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications