വേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കും
ഹൈദരാബാദ്; ദക്ഷിണേന്ത്യ ബിജെപി സംബന്ധിച്ച് കിട്ടാക്കനിയാണ്. മേഖലയിൽ കർണാടകത്തിൽ മാത്രമാണ് ഇതുവരെ ബിജെപിക്ക് അധികാരം പിടിക്കാനായത്.തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്,തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഇതുവരെ നിലം തൊടാൻ പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാടും കേരളവും ലക്ഷ്യമാക്കി ഇവിടങ്ങളിൽ ബിജെപി പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ബിജെപിയുടെ നീക്കങ്ങൾ ഏറെ കുറേ വിജയിത്തിലേക്ക് അടുക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇപ്പോഴിതാ മറ്റൊരു സംസ്ഥാനമായ തെലങ്കാനയിലും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കത്തിലാണ് ബിജെപി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മോദിയേയും അമിത് ഷായേയും നേരിട്ട് പ്രചരണത്തിന് ഇറക്കാനാണ് ബിജെപി നീക്കം.

ആദ്യം നിരാശ
2018 ലെ നിയമസഭതിരഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിച്ച് അങ്കത്തട്ടിൽ ഇറങ്ങിയ ബിജെപിക്ക് നിരാശയായിരുന്നു ഫലം.വെറും 1 സീറ്റായിരുന്നു പാർട്ടിക്ക് നേടാൻ സാധിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷ നൽകുന്നതായിരുന്നതായിരുന്നു ഫലം. ആകെയുള്ള 17 സീറ്റിൽ നാലെണ്ണം പാർട്ടിക്ക് നേടാനായി.

അടിതെറ്റി ടിആർഎസ്
ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് സംസ്ഥാനത്ത് ബിജെപി. ടിആർഎസിന്റെ കോട്ടയായ ദുബ്ബക്കിൽ അട്ടിമറി വിജയമായിരുന്നു ബിജെപി നേടിയത്.മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെ മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലം, പ്രചരണം നയിച്ചത് ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു, ഇങ്ങനെ പല അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും മണ്ഡലത്തിൽ ടിആർഎസിന് അടിതെറ്റി.

ആയിരത്തിലധികം വോട്ട്
മണ്ഡലത്തിൽ ആയിരത്തിലധികം വോട്ട് നേടിയാണ്ബിജെപി വിജയിച്ചത്. ടിആർഎസ് കോട്ട പിടിച്ചടിക്കിയതിന്റെ ആത്മവിശ്വാസത്തിൽ ഹൈദരബാദ് നഗരത്തിന്റെ മേയറെ നിശ്ചയിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. ഡിസംബർ ഒന്നിനാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പ്
മുമ്പില്ലാത്ത വിധം ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്താണു ബിജെപി കളത്തിലിറങ്ങുന്നത്. തിരഞ്ഞെടുപ്പിലെ വിജയം 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനം പിടിക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തിന് കരുത്ത് പകരുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 2024 ലെ പൊതു തിരഞ്ഞെടുപ്പിലും തെലങ്കാനയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ.

വിജയിച്ചത് നാല് സീറ്റുകൾ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഗരത്തിലെ150 വാർഡുകളിൽ നാലണ്ണം മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആര്‍എസ് 90 സീറ്റുകളും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റും നേടി. കോണ്‍ഗ്രസിനു രണ്ട് വാര്‍ഡും ടിഡിപിക്ക് ഒരു വാര്‍ഡുമാണ് ലഭിച്ചത്.

മോദിയും ഷായും എത്തും
എന്നാൽ ഇത്തവണ അട്ടിമറി വിജയമാണ് ബിജെപി സ്വപ്നം കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരിട്ട് ഇറക്കി പ്രചരണം നയിക്കാനാണ് ബിജെപി പദ്ധതി.വരുംദിവസങ്ങളിൽ ഇവർ ഹൈദരാബാദിൽ പ്രചരണത്തിന് എത്തും

താരപ്രചാരകർ
ബിജെപിയുടെ താരപ്രചരകനായ യോഗി ആദിത്യനാഥും പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും ഇവിടെ പ്രചരണത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടുദിവസമായി കർണാടകയിലെ യുവ എംപി തേജസ്വി സൂര്യയാണ് ഹൈദരാബാദിൽ പ്രചരണം നയിക്കുന്നത്. ഉവൈസി ഉൾപ്പെടെയുള്ളവർക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തേജസ്വിയുടെ പ്രചരണം.
രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിൻറെ ഓർമ്മകൾക്ക് 12 വയസ്; മുംബൈയിൽ അതീവ സുരക്ഷ
കോവിഡ് രോഗികള്‍ക്ക് പോളിങ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാം..നിയമമായി,വിജ്ഞാപനം പുറത്തിറങ്ങി
'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ കൂറ് പുലർത്തിയിട്ടുള്ളത്?';പണിമുടക്കിനെതിരെ ശോഭ സുരേന്ദ്രൻ