രണ്ടു കാറുകള്‍ മോഷ്ടിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പിടിയില്‍
ഹൈദരാബാദ്: ഒറ്റദിവസം രണ്ടുകാറുകള്‍ മോഷ്ടിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പിടിയിലായി. ഹൈദരാബാദിലെ പ്രമുഖ കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന സയീദ് ലിജാസ് ആണ് അറസ്റ്റിലായത്. 30 വയസിന് മുകളില്‍ പ്രായമുള്ളയാളാണ് പ്രതി. ഒരു സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലിന്റെയും ഒരു ടാക്‌സി ഡ്രൈവറുടെയും കാറാണ് ഇയാള്‍ മോഷ്ടിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആദ്യസംഭവം. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ തന്റെ കാമുകിയെ കാത്ത് കാറിനടുത്ത് നില്‍ക്കുകയായിരുന്നു. കാറിന്റെ താക്കോല്‍ ഉള്ളിലാണെന്ന് മനസിലാക്കിയ സയീദ്, യുവാവിന്റെ ശ്രദ്ധ തെറ്റിയ ഉടന്‍ കാറുമായി കടന്നുകളഞ്ഞു. യുവാവ് കാറിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

രാത്രിയോടെയായിരുന്നു രണ്ടാമത്തെ മോഷണം. കളവുചെയ്ത കാറിന്റെ ടയര്‍ പഞ്ചറായതോടെ ഒരു ടാക്‌സി ഡ്രൈവറുടെ കാറിലായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ നോട്ടം. കാറിനുള്ളില്‍ താക്കോല്‍ വെച്ച് മാറി നില്‍ക്കുകയായിരുന്നു ടാക്‌സി ഡ്രൈവര്‍. അവസരം മുതലെടുത്ത മോഷ്ടാവ് ഉടന്‍ കാറില്‍ കടന്നിരുന്ന് വാഹനവുമായി രക്ഷപ്പെട്ടു.
മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ ടാക്‌സിഡ്രൈവര്‍ മോഷ്ടാവിനെ ഗോല്‍കോണ്ട പ്രദേശത്തിനിന്നും പിടികൂടി. എന്നാല്‍, ചുറ്റും ഓടിക്കൂടിയവരോട് തന്റെ കാര്‍ ആണിതെന്നായിരുന്നു എഞ്ചിനീയറുടെ വാദം. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തതോടെയാണ് രണ്ടു കാറുകളുടെ മോഷണവിവരം പുറത്തുവരുന്നത്. നല്ലൊരു തുക ശമ്പളം വാങ്ങുന്നുണ്ടെങ്കിലും ജീവിതം ആഘോഷമാക്കാന്‍ എഞ്ചിനീയര്‍ മോഷണത്തിലേക്കും തിരിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications