അതിവേഗം ബഹുദൂരം ഇനി ഇന്ത്യയുടെ കുതിപ്പ്, യാത്രാ രംഗത്ത് വിപ്ലവം തീർക്കാൻ ഹൈപ്പർലൂപ്പ്
ചെന്നൈ: സെക്കന്‍ഡുകള്‍ക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുന്ന ഈ കാലത്ത് അതിവേഗത്തിലുളള യാത്രാസംവിധാനങ്ങള്‍ വികസനത്തിന്റെ നെടുംതൂണുകളാണ്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി നില്‍ക്കുമ്പോഴും അതിവേഗ യാത്രാ സംവിധാനങ്ങളുടെ പോരായ്മ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇനി അക്കാര്യത്തില്‍ ആശങ്ക വേണ്ട. വിമാന വേഗത്തിൽ നമുക്കും പറക്കാം കരയിലൂടെ.
നമ്മുടെ രാജ്യത്ത് ഇന്ന് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനായ വന്ദേ ഭാരതിന് ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്താന്‍ എത്ര സമയമെടുക്കും? കുറഞ്ഞത് 4-5 മണിക്കൂര്‍ വേണ്ടി വരും. ഇതേ യാത്ര അരമണിക്കൂറിനുളളില്‍ തീര്‍ക്കാന്‍ പറ്റിയാല്‍ എങ്ങനെയിരിക്കും? അതിനുളള വഴി തുറന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയും മദ്രാസ് ഐഐടിയും ചേർന്ന്.

അതിവേഗ യാത്ര സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ചെന്നൈയില്‍ നിന്ന് വെറും 30 മിനുട്ടുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ബെംഗളൂരുവിലെത്താം. രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. പരീക്ഷണ ട്രാക്കിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Watch: Bharat’s first Hyperloop test track (410 meters) completed.
— Ashwini Vaishnaw (@AshwiniVaishnaw) December 5, 2024
👍 Team Railways, IIT-Madras’ Avishkar Hyperloop team and TuTr (incubated startup)
📍At IIT-M discovery campus, Thaiyur pic.twitter.com/jjMxkTdvAd
ഇന്ത്യന്‍ റെയില്‍വെയ്ക്കും ഐഐടി മദ്രാസിനും ഒപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ്പും ചേര്‍ന്നാണ് ട്രാക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തയ്യൂരിലെ ഐഐടി മദ്രാസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് അഥവാ ഹൈപ്പര്‍ലൂപ്പ് വാക്വം ട്യൂബ്. ഈ ട്രാക്കിന് 410 മീറ്റര്‍ നീളമാണ് ഉളളത്. നിലവില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ഇവിടെ ടെസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തിലേക്ക് എത്താന്‍ സാധിക്കുന്നതിലൂടെ രാജ്യത്തെ യാത്രാ സംവിധാനത്ത് വലിയ വിപ്ലവമായിരിക്കും സംഭവിക്കുക.
മർദ്ദം കുറഞ്ഞ ടൂബ്/ടണൽ വഴി മണിക്കൂറിൽ 700 മൈൽ ദൂരം എന്ന വേഗത്തിൽ പോഡുകളിൽ അൾട്രാ ഹൈസ്പീഡ് സഞ്ചാരമാണ് ഹൈപ്പർലൂപ്പ് സാധ്യമാക്കുക. 2013ൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ആണ് ഹൈപ്പർലൂപ്പ് എന്ന ആശയത്തിന് തുടക്കമിട്ടത്. ചെലവ് കുറഞ്ഞും അതിവേഗത്തിലുളളതുമായ യാത്ര എന്ന ഈ ആശയം അമേരിക്കയും ചൈനയും അടക്കമുളള വികസിത രാഷ്ട്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. 2022ലാണ് മദ്രാസ് ഐഐടി ഈ പദ്ധതി ഇന്ത്യൻ റെയിൽവേക്ക് മുന്നിൽ അവതരിപ്പിച്ചത്. 8.34 കോടിയാണ് പദ്ധതിച്ചെലവ്.












Click it and Unblock the Notifications