'മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പ്', മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് നിർമല സീതാരാമൻ
ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുകയാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ന് രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ച തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് നിര്‍മല സീതാരാമന്റെ പ്രതികരണം. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് രാജ്യസഭയില്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ചര്‍ച്ച തീരുമാനിച്ചിരുന്നു.
എന്നാല്‍ ചട്ടം 176 പ്രകാരമുളള ഹ്രസ്വ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറായില്ല. മറ്റ് സഭാ നടപടികള്‍ നിര്‍ത്തി വെച്ച് ചട്ടം 267 പ്രകാരമുളള വിശദമായ ചര്‍ച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷം ഗോള്‍ പോസ്റ്റുകള്‍ മാറ്റിക്കളിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

മണിപ്പൂര്‍ കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അതിന് പ്രതിപക്ഷം അനുവദിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അവര്‍ മണിപ്പൂരിലേക്ക് പോയി. അവിടുത്തെ ആളുകളോട് സംസാരിച്ചു തിരിച്ച് വന്നു. മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് അവര്‍ അറിഞ്ഞത് എന്തെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ നിന്നും ആരാണ് പ്രതിപക്ഷത്തെ തടയുന്നത്, നിര്‍മല സീതാരാമന്‍ ചോദിച്ചു.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം എന്നാണ് അവര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ആരാണ് അവരെ തടയുന്നത്. പ്രതിപക്ഷം മുതലക്കണ്ണീരാണ് ഒഴുക്കുന്നത് എന്നത് വളരെ വ്യക്തമാണ്. മണിപ്പൂരിനെ കുറിച്ചുളള അവരുടെ ആശങ്കകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാര്‍ലമെന്റിലെ ചര്‍ച്ച അനുവദിക്കുമായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. മണിപ്പൂര്‍ മണിപ്പൂര്‍ എന്ന് വിളിച്ച് അവര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ആദ്യം അവര്‍ പറയുന്നു മണിപ്പൂരിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന്. തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. അപ്പോള്‍ അവര്‍ക്ക് ചര്‍ച്ച വേണ്ട. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തണം എന്നത് മാത്രമാണ് പ്രതിപക്ഷത്തിനുളളത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ മനസ്സ് അവര്‍ ധരിച്ചിരിക്കുന്ന വേഷം പോലെ തന്നെ കറുത്തിരിക്കുകയാണ് എന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ 20 എംപിമാര്‍ കഴിഞ്ഞ ദിവസം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇന്നും ഇരുസഭകളിലും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.












Click it and Unblock the Notifications