'ഞാൻ ബനിയ വിഭാഗക്കാരനാണ്, എനിക്ക് കണക്ക് അറിയാം, പണം എങ്ങനെ കണ്ടെത്തണമെന്നും'; കെജ്രിവാൾ
ഡൽഹി: ബി ജെ പിക്കെതിരെതിരെ ആഞ്ഞടിച്ച് ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ. തങ്ങൾ പാവങ്ങൾക്കൊപ്പം നിൽക്കുമ്പോൾ പണക്കാർക്കൊപ്പമാണ് ബിജെപിയെന്നും ഡൽഹിയിൽ ആം ആദ്മി സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ അവസാനിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും കെജ്രിവാൾ തുറന്നടിച്ചു. ബനിയ വിഭാഗക്കാരനാണ് താനെന്നും സൗജന്യ പദ്ധതികൾക്ക് വേണ്ട പണം എങ്ങനെ കണ്ടെത്തണമെന്ന് അറിയാമെന്നും കെജ്രിവാൾ പറഞ്ഞു.
'ബി ജെ പിക്കാർ ചോദിക്കുന്നത് പണം എവിടെ നിന്ന് വരുമെന്നാണ്. 'എങ്ങനെയാണ് വിഭവങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കറിയാം. നിങ്ങൾ വിഷമിക്കേണ്ടതില്ല. എനിക്ക് കണക്ക് അറിയാം, അതുകൊണ്ട് തന്നെ ഞാൻ പണം കൈകാര്യം ചെയ്തോളാം', കെജ്രിവാൾ പറഞ്ഞു. 'ബി ജെ പി പറയുന്നത് ആം ആദ്മി സർക്കാർ നടപ്പാക്കിയ സർക്കാർ സ്കൂളുകൾ ,വൈദ്യുതി, ബസ് യാത്ര എന്നിവ ബി ജെ പി അധികാരത്തിലേറിയാൽ ഇല്ലാതാക്കുമെന്നാണ്. സ്കൂളുകൾ കെട്ടുന്ന ആം ആദ്മി സർക്കാർ വേണോ അതോ അത് അടപ്പിക്കാൻ നിൽക്കുന്ന ബി ജെ പി സർക്കാർ വേണോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

ഡൽഹിയിലെ ഓരോ കുടുംബങ്ങൾക്കും ആം ആദ്മി സർക്കാർ നേരിട്ട് 25000ത്തോളം രൂപ ആനുകൂല്യമായി നൽകുമ്പോൾ പണക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി അവരുടെ സമ്പന്നരായ സുഹൃത്തുക്കളെ സഹായിക്കുകയാണ് ബി ജെ പി ചെയ്യുന്നത്', കെജ്രിവാൾ പറഞ്ഞു.
രാജസ്ഥാനിലും ഹരിയാനയിലും ജാട്ട് വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകുമ്പോൾ ഡൽഹിയിൽ ജാട്ട് സമുദായത്തെ ഒ ബി സി ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്താതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കെജ്രിവാൾ പറഞ്ഞു. ' ഡൽഹിയിൽ 54 സമുദായങ്ങളാണ് ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നത്. എന്നാൽ കേന്ദ്രസർക്കാർ പട്ടികയിൽ ഇത് 50 ആണ്. ഡൽഹിയിൽ ജാട്ടുകൾ ഒ ബി സി പട്ടികയ്ക്ക് പുറത്താണ്. അതായത് രാജസ്ഥാനിൽ നിന്നുള്ള ഒരു ജാട്ട് സമുദായാംഗത്തിന് ഡൽഹി സർവകലാശാലയിലേക്കോ ഒ ബി സി ക്വാട്ടയിൽ എയിംസിലോ ജോലി നേടാം. എന്നാൽ ഡൽഹിയിലെ ജാട്ട് സമുദായാംഗത്തിന് സാധിക്കില്ല. ഇത് അനീതിയാണ്', കെജ്രിവാൾ പറഞ്ഞു.
ഇനി ദിവസങ്ങൾ മാത്രമാണ് ഡൽഹി തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി ഭരണം നിലനിർത്തിയത്. ഇക്കുറിയും ഭരണത്തുടർച്ച നേടുമെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്.












Click it and Unblock the Notifications