'ഞാൻ ശിവഭക്തൻ, അധിക്ഷേപങ്ങളെ വിഷം പോലെ വിഴുങ്ങുന്നു..ജനങ്ങളാണ് എന്റെ റിമോട്ട് കൺട്രോൾ'; പ്രധാനമന്ത്രി
ഡൽഹി: കോൺഗ്രസിനെതിരെ അസമിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ശിവഭക്തനാണെന്നും അധിക്ഷേപങ്ങളെ വിഷം പോലെ വിഴുങ്ങാൻ താൻ തയ്യാറാണെന്നും മോദി പറഞ്ഞു. ജനങ്ങളാണ് തന്റെ യജമാനൻമാർ, അവരാണ് തന്റെ 'റിമോട്ട് കൺട്രോൾ', മോദി പറഞഅഞു.
' എനിക്ക് അറിയാം, മുഴുവൻ കോൺഗ്രസ് സംവിധാനവും എന്നെ ഉന്നം വെയ്ക്കും, മോദി വീണ്ടും കരയുന്നുവെന്ന് അധിക്ഷേപിക്കും. ജനങ്ങളാണ് എന്റെ ദൈവം, അവർക്ക് മുന്നിൽ അല്ലെങ്കിൽ മറ്റാർക്ക് മുൻപിലാണ് ഞാൻ എന്റെ വിഷമങ്ങൾ പ്രകടിപ്പിക്കുക. അവരാണ് എന്റെ യജമാനൻമാർ, അവരാണ് എന്റെ ദൈവം, എന്റെ റിമോട്ട് കൺട്രോൾ, എന്നെ നിയന്ത്രിക്കുന്ന മറ്റൊരു റിമോട്ട് കൺട്രോളുമില്ല', അസമിലെ ദരങ്കിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.

രാജ്യത്തിന്റെ മഹാനായ പുത്രനും അസമിൻ്റെ അഭിമാനവുമായ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകിയപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത് മോദി 'പാടുന്നവർക്കും നൃത്തം ചെയ്യുന്നവർക്കും' അവാർഡ് നൽകുന്നുവെന്നാണ്', 2019 ൽ ഖാർഗെ നടത്തിയ പരാമർശം പ്രതിപാദിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. ജവഹർലാൽ നെഹ്റുവിനെയും പ്രധാനമന്ത്രി പരാമർശിച്ചു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ഇന്നത്തെ തലമുറ ആ മുറിവുകളിൽ ഉപ്പു വിതറുകയാണെന്ന് മോദി കുറ്റപ്പെടുത്തി.
"ദശാബ്ദങ്ങളോളം കോൺഗ്രസ് അസം ഭരിച്ചു, എന്നിട്ടും 60-65 വർഷത്തിനുള്ളിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ മൂന്ന് പാലങ്ങൾ മാത്രമാണ് അവർ നിർമ്മിച്ചത്. എന്നാൽ ഞങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, ഒരു ദശാബ്ദത്തിനുള്ളിൽ ആറ് പുതിയ പാലങ്ങൾ ഞങ്ങൾ നിർമ്മിച്ചു. ഞങ്ങളുടെ പ്രയത്നങ്ങളെ നിങ്ങൾ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്,"അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരണകാലത്ത് ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ അവർ അതിൽ മൗനം പാലിച്ചു. ഇന്ന്, നമ്മുടെ സൈന്യം പാകിസ്ഥാന്റെ ഓരോ കോണിൽ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയാൻ ഓപ്പറേഷൻ സിന്ദൂർ നടത്തുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ പാകിസ്ഥാൻ സൈന്യത്തോടൊപ്പം നിൽക്കുന്നു, പാക്കിസ്ഥാന്റെ അജണ്ടകളെ അവർ പിന്തുണയ്ക്കുകയാണ്. പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന നുണകൾ കോൺഗ്രസിന്റെ അജണ്ടയായി മാറുകയാണ്. അതുകൊണ്ടാണ് കോൺഗ്രസിനെക്കുറിച്ച് എല്ലായ്പ്പോഴും ജാഗ്രത പാലിക്കണമെന്ന് ഞാൻ ജനങ്ങളോട് പറയുന്നത്', മോദി പറഞ്ഞു.












Click it and Unblock the Notifications