രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാർ: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ. താൻ രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കെജ്രിവാൾ പ്രധാനമല്ല, മറിച്ച് രാജ്യമാണ് പ്രധാനപ്പെട്ടത്. എനിക്ക് രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും മടിയില്ലെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ഡൽഹിയിൽ ഇ ഓട്ടോകളുടെ ലോഞ്ചിങ് വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ തന്നെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അത് രാജ്യത്തിലെ യുവാക്കള്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമുക്ക് ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. നാം 75 വർഷങ്ങള്‍ ഇതിനകം പാഴാക്കിക്കളഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രവർത്തനങ്ങളിലൂടെ രാജ്യം മുന്നോട്ട് പോകില്ലെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സൗരഭ് ഭരദ്വാജ് വ്യാഴാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അരവിന്ദ് കെജ്‌രിവാള്‍ ദി കശ്മീർ ഫയൽസ് ചിത്രത്തെ വ്യാജമെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ ബിജെപിയുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ പരാമശത്തിനെതിരെ ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ നടന്ന മാർച്ച് നടന്ന മാർച്ച് അക്രമാസക്തമാകുകയായിരുന്നു.

ഐപി കോളേജില്‍ നിന്നാണ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രകടനം ആരംഭിച്ചത്. എന്നാൽ അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് സമീപമെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്നു. കെജ്‌രിവാളിന്റെ വസതിയുടെ മുൻവശത്തുള്ള ഗേറ്റ് അടിച്ചു തകര്‍ത്തു. രാജ്യത്തെ ഹിന്ദുക്കളെയാണ് കെജ്‌രിവാള്‍ അപമാനിച്ചതെന്നും സംഭവത്തിൽ മാപ്പ് പറയണമെന്നും തേജസ്വി പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതു വരെ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേ സമയം ബിജെപിക്കെതിരെ ആരോപണവുമായി ആംആദ്മി നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ആംആദ്മിയെ പരാജയപ്പെടുത്താൻ സാധിക്കാത്തതിനാൽ അദ്ദേഹത്തെ കൊലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള മുൻകൂർ പദ്ധതിയുടെ ഭാഗമായുള്ള സംഭവമാണ് നടന്നതെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.












Click it and Unblock the Notifications