ജോലിയോ പണമോ വേണ്ട, ഭർത്താവിന് രക്തസാക്ഷി പദവി മാത്രം മതി'; പഹൽഗാം ഇര ശുഭത്തിന്റെ ഭാര്യ
ഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കെതിരെ എത്രയും പെട്ടെന്ന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇരയുടെ ഭാര്യ. ഭർത്താവിന്റെ മരണത്തിൽ നിന്നും ഇതുവരേയും താൻ മോചിതയായിട്ടില്ല. തനിക്ക് ജോലിയോ പണമോ വേണ്ടെ, കൊല്ലപ്പെട്ട തന്റെ ഭർത്താവിന് രക്തസാക്ഷി പദവി നൽകി അംഗീകരിച്ചാൽ മാത്രം മതിയെന്നും അവർ പറഞ്ഞു. പഹൽഗാം ഇരയായ യുപി സ്വദേശി ശുഭം ദ്വിവേദിയുടെ ഭാര്യയാണ് അഷന്യ.
'ശുഭത്തിന് രക്തസാക്ഷിയായി അംഗീകാരം ലഭിച്ചിട്ടില്ല, കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ തീവ്രവാദികളെ സർക്കാർ ഇതുവരേയും ഇല്ലാതാക്കിയിട്ടും ഇല്ല. എനിക്ക് ജോലിയോ പണമോ വേണ്ട, ഭർത്താവിന് രക്തസാക്ഷിയെന്ന പദവി നൽകിയാൽ മാത്രം മതി. ജീവിതാവസാനം വരെ ഞാൻ ഈ വേദന പേറി കഴിഞ്ഞോളാം. ഇപ്പോഴും ഒരു വാഹനത്തിന്റെ ടയർ പൊട്ടിയാലും ഉച്ചത്തിലൊരു ശബ്ദം കേട്ടാലും ഞാൻ ഭയക്കുകയാണ്. ഇനി താൻ ഒരിക്കലും കാശ്മീരിലേക്ക് പോകില്ല. ', അഷന്യ പറഞ്ഞു. ഭീകരർക്കെതിരെ കടുത്ത നടപടി തന്നെ സർക്കാർ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തന്നെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടയും എത്രയും പെടെന്ന് ഭീകരർക്കെതിരെ നടപടിയുണ്ടാകണമെന്ന് താൻ അഭ്യർത്ഥിച്ചതായും അഷന്യ പറഞ്ഞു. ശുഭത്തിന് രക്തസാക്ഷി പദവി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും അഷന്യ പറഞ്ഞു.
ശുഭവും അഷന്യയും കുടുംബാംഗങ്ങൾക്കൊപ്പമാണ് ഏപ്രിൽ 22 ന് കാശ്മീരിൽ എത്തിയത്. ഇരുവരുടേയും വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമേ ആയിരുന്നുള്ളൂ. പഹൽഗാമിലെ ബൈസരൺ വാലിയിൽ ഐശ്വര്യയും ബന്ധുക്കളും നോക്കി നിൽക്കെ ആയിരുന്നു തീവ്രവാദികൾ ശുഭത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ശുഭത്തിന്റെ തലക്കായിരുന്നു വെടിയേറ്റത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ശുഭം മരണപ്പെടുകയായിരുന്നു.
ഏപ്രിൽ 22 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. പഹൽഗാം സന്ദർശിക്കാനെത്തിയ 25 വിനോദസഞ്ചാരികളേയും കാശ്മീരി സ്വദേശിയായ കുതിര സവാരിക്കാരനേയുമാണ് ഭീകരർ കൊലപ്പെടുത്തിയത്. മതവും പേരും ചോദിച്ചായിരുന്നു ഭീകരരുടെ ആക്രമണം. തനിക്ക് ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുതിര സവാരിക്കാരനായ സവാദിനെ ഭീകർ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം ഇതുവരേയും ഭീകരരെ പിടികൂടാൻ സാധിച്ചിട്ടില്ല.












Click it and Unblock the Notifications