'പത്മജയും അനിൽ ആന്റണിയും ബിജെപിയിൽ പോയതിൽ തെറ്റ് കാണുന്നില്ല, ഞാൻ പോകില്ല'; ചാണ്ടി ഉമ്മൻ
മുംബൈ: അനിൽ ആന്റണിയും പത്മജ വേണുഗോപാലും ബി ജെ പിയിൽ പോയതിൽ തെറ്റുകാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. അതിൽ തനിക്ക് അഭിപ്രായമില്ല. ഞാൻ കോൺഗ്രസ് വിട്ട് പോകില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യത്ത് അധികാരത്തിലേറുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം.
'കഴിഞ്ഞ 24 വർഷമായി ഞാൻ കോൺഗ്രസിന്റെ പ്രവർത്തകനാണ്. 91 മുതൽ പിതാവിനൊപ്പം കോൺഗ്രസിന്റെ റാലികളിലും പങ്കെടുത്തിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ ചോയ്സ് ഉണ്ട്. അവർക്ക് ഇഷ്ടമുള്ളത് അവർ തിരഞ്ഞെടുത്തും. അതിൽ എനിക്കൊരു തെറ്റും കാണാൻ സാധിക്കില്ല. അവർക്ക് ഏത് പാർട്ടിയിലും പോകാം. എന്‌റെ പാർട്ടി കോൺഗ്രസാണ്. എന്‌റെ നേതാവ് രാഹുൽ ഗാന്ധിയും. പ്രവർത്തകനായിരുന്നപ്പോൾ തന്നെ ന്യായ് യാത്രയിൽ 3000 കിമി ഞാൻ യാത്ര ചെയ്തിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച മുംബൈയിൽ സമാപിക്കും. ദാദറിലെ ശിവാജി പാർക്കിലാണ് സമാപന സമ്മേളനം നടക്കുക. താനെയിലെ ഭീവണ്ടിയിൽ നിന്ന് രാവിലെ ആരംഭിക്കുന്ന പര്യടനം വൈകിട്ടോടെ ദാദറിലെ അംബേദ്ക്കർ സ്മാരകത്തിൽ സമാപിക്കും. മഹാറാലിയിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സമാജ്വാദ് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ ജെ ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻ സി പി അധ്യക്ഷൻ ശരദ് പവാർ, എ എ പി പ്രതിനിധികളും റാലിയുടെ ഭാഗമാകും. മണിപ്പൂരിൽ നിന്നും ജനുവരി 14 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്.












Click it and Unblock the Notifications