'എനിക്കെതിരെ 45 കേസുണ്ട്, അത് നൂറാക്കണം', ഓരോ എഫ്ഐആറും ഓരോ മെഡലെന്ന് രാഹുൽ ഗാന്ധി
ന്യൂ ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ കേസെടുക്കാനുളള ഡല്‍ഹി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എത്ര കേസുകള്‍ വേണമെങ്കിലും നേരിടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള നേതാക്കള്‍ രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിലുണ്ട്.
ഇന്നലെയും ഇന്നും രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. തനിക്കെതിരെ 45 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എനിക്ക് 100 എഫ്ഐആറുകള്‍ എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യിക്കണം. ഓരോ എഫ്ഐആറും ഓരോ മെഡല്‍ പോലെയാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്നലെ പോലീസിനെ കബളിപ്പിച്ച് ആകാശവാണി ഭവന്റെ ഗേറ്റ് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് തടയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഈ വരുന്ന 15ാം തിയ്യതി കൂടിക്കാഴ്ച നടത്താം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് യോജിക്കുന്നില്ല.
ഇന്ന് ജന്തര്‍ മന്ദറില്‍ സമരം നടത്താനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ നേരത്തെ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് പ്രതിഷേധക്കാരെ തടയുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ബസ്സിലേക്ക് മാറ്റി. പോലീസ് മാറിയപ്പോള്‍ നേതാക്കള്‍ ബസ്സില്‍ നിന്നിറങ്ങി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പ്രിയങ്ക ഗാന്ധി റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്. ഇങ്ങനെയാണോ എംപിമാരോട് പെരുമാറുന്നത്. ഇങ്ങനെയൊന്ന് കേട്ട് കേള്‍വി ഇല്ലാത്തതാണ്. ഇവിടെ നിന്ന് ഞങ്ങള്‍ ഒരിഞ്ച് മാറില്ല, പ്രിയങ്ക ഗാന്ധി പറഞ്ഞു. തുടര്‍ന്ന് പോലീസ് രാഹുലിനേയും പ്രിയങ്കയേയും ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് വീണ്ടും ബസ്സിലേക്ക് മാറ്റിയത്. രണ്ട് മണിക്കൂറിന് ശേഷം നേതാക്കളെ പോലീസ് വിട്ടയച്ചു.


Click it and Unblock the Notifications
