'ഓരോ ഇന്ത്യക്കാരന്റേയും രക്തം തിളക്കുന്നുണ്ടെന്ന് അറിയാം,കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി കിട്ടും'
പ്രതിസന്ധിയുടെ സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഓർക്കുമ്പോൾ ഓരോ ഇന്ത്യക്കാരുടേയും രക്തം തിളക്കുന്നുണ്ടെന്ന് എനിക്ക് മനസിലാകാനാകും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു, നീതി നടപ്പാക്കുക തന്നെ ചെയ്യും', പ്രധാനമന്ത്രി പറഞ്ഞു. മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി.
'പഹൽഗാം ആക്രമണം ഭീകരരുടെ ഭീരുത്വവും അസ്വസ്ഥതയുമാണ് വെളിവാക്കുന്നത്. കാശ്മീരിൽ സമാധാനം തിരികെ വരികയായിരുന്നു. സ്കൂളും കോളേജുകളുമെല്ലാം ഊർജ്വസ്വലമായി പ്രവർത്തിക്കുകയായിരുന്നു, വികസനം ഏറ്റവും മികച്ച നിലയിൽ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു, ജനാധിപത്യം ശക്തമായിക്കൊണ്ടിരിക്കുകയായിരുന്നു, വിനോദയാത്രികരുടെ എണ്ണം വർധിച്ചു, കാശ്മീരിലെ യുവാക്കൾക്ക് ജോലി അവസരങ്ങൾ ലഭിച്ചു തുടങ്ങി, അവരുടെ സമ്പാദ്യം വർധിച്ച് തുടങ്ങി,എന്നാൽ ഇതൊന്നും കാശ്മീരിന്റെ ശത്രുക്കൾക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല', മോദി പറഞ്ഞു.

'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങൾക്ക് നീതി ലഭിക്കും. ഈ ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് ഏറ്റവും ശക്തമായ തിരിച്ചടി തന്നെ നൽകും. കശ്മീരിനെ നശിപ്പിക്കാൻ വേണ്ടി തീവ്രവാദികളും അവരുടെ തലവൻമാരും ഗൂഢാലോചന നടത്തി. ഭീകരാക്രമണത്തിന് എിരായ ഈ യുദ്ധത്തിൽ 140 കോടി ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കുന്നതാണ് അതിന്റെ ശക്തി. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ ഈ ഐക്യമാണ്. ആദർശങ്ങളെ ശക്തിപ്പെടുത്തി ഈ വെല്ലുവിളിയെ നേരിടാൻ നമ്മുക്ക് സാധിക്കണം. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഇച്ഛാശക്തി എന്താണെന്ന് കാണിച്ച് കൊടുക്കണം. നമ്മൾ ഒറ്റസ്വരത്തോടെ പ്രതികരിക്കുന്നത് ലോകം ഉറ്റുനോക്കുകയാണ്.
ഭീകരർക്കെതിരായ യുദ്ധത്തിൽ രാജ്യത്തെ 140 കോടി ജനങ്ങൾക്കൊപ്പമാണ് ലോകവും. ലോക നേതാക്കളെല്ലാം ഇന്ത്യെ ബന്ധപ്പെട്ടു. ഭീകരാക്രമണത്തെ അപലപിച്ചു. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ഞാൻ ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു, നീതി നടപ്പാക്കിയിരിക്കും. ഈ ആക്രമണം നടത്തിയവർക്കെതിരേയും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവർക്കെതിരേയും ശക്തമായി തിരിച്ചടിക്കും', മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഏപ്രിൽ 22 ന് പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ ഭീകരാക്രമണം നടന്നത്. 28 പേരാണ് കൊല്ലപ്പെട്ടത്. പഹൽഗാമിലെ ബൈസാരൻ മേഖലയിൽ എത്തിയ വിനോദസഞ്ചാരികളെ മതം ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു അരുംകൊല. ഇതിനിടയിൽ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ച കുതിരസവാരിക്കാരനായ കാശ്മീരി യുവാവിനേയും ഭീകരർ കൊലപ്പെടുത്തി.
ലഷ്കർ ഇ തൊയിബയുടെ കീഴിൽ പ്രവർത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ആണ് ആക്രമണം നടത്തിയത്. 7 ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിൽ പലരുടേയും പേര് വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതുവരേയും ആക്രമികളെ കണ്ടെത്താൻ സൈന്യത്തിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications