രാഹുൽ വിദേശത്ത് എവിടെ പോകുന്നു ആരെ കാണുന്നു, എല്ലാം അറിയാം, പറയുന്നില്ലെന്ന് ഗുലാം നബി ആസാദ്
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ച് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി വിദേശത്ത് പോയി ആരെയൊക്കെ കാണുന്നുവെന്ന് തനിക്ക് അറിയാമെന്നും ഗാന്ധി കുടുംബത്തോടുളള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
ഗുലാം നബി ആസാദ് അടക്കം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അദാനിയുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. അനില്‍ ആന്റണി, ഹിമന്ത ബിശ്വ ശര്‍മ, കിരണ്‍ കുമാര്‍ റെഡ്ഡി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് അദാനി എന്നാക്കിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് അപമാനകരമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തനിക്ക് ഒരു ബിസിനസ്സുകാരനുമായും ഒരു ബന്ധവും ഇല്ല. അതേസമയം രാഹുല്‍ ഗാന്ധി അടക്കം ആ കുടുംബത്തിലെ എല്ലാവര്‍ക്കും ബിസിനസ്സുകാരുമായി ബന്ധമുണ്ട് താനും. ഗാന്ധി കുടുംബത്തോട് തനിക്ക് വലിയ ബന്ധമുണ്ട്. അതുകൊണ്ട് മാത്രം ഒന്നും പറയുന്നില്ല. അല്ലെങ്കില്‍ പത്ത് ഉദാഹരണങ്ങളെങ്കിലും തരാനാകും, ഗുലാം നബി ആസാദ് പറഞ്ഞു.
വിദേശത്ത് അടക്കം രാഹുല്‍ ഗാന്ധി എവിടെയൊക്കെ പോകുന്നുവെന്നും ആരെയൊക്കെ കാണുന്നുവെന്നും തനിക്ക് പറയാനാകും. അക്കൂട്ടത്തില്‍ അത്ര നല്ലതല്ലാത്ത ബിസിനസ്സുകാരും ഉണ്ട്. ഇന്ദിരാ ഗാന്ധി ജയിലടയ്ക്കപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലേക്ക് ഇറങ്ങി. ലക്ഷക്കണക്കിന് ആളുകള്‍ ജയില്‍ ആയി.
ഭാരത് ജോഡോ യാത്രയ്ക്ക് തൊട്ട് പിറകെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ല. ജയിലില്‍ പോകുന്നത് പോയിട്ട് ഒരു കൊതുക് കുഞ്ഞ് പോലും തെരുവിലേക്ക് പോലും ഇറങ്ങിയില്ല. സൂറത്തിലെ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പോയപ്പോള്‍ ദില്ലിയില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളേയും എംപിമാരെയും ഗുജറാത്തില്‍ നിന്നുളള എംഎല്‍എമാരെയുമാണ് രാഹുലിന് കൂടെ കൊണ്ട് പോകേണ്ടി വന്നത്.
ഒരു കര്‍ഷകനെയോ യുവാക്കളെയോ ഗുജറാത്തില്‍ നിന്ന് പോലും കൂടെ കൂട്ടാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. രാഹുലിനെ ആരും വഴി തെറ്റിക്കേണ്ട ആവശ്യമില്ല. കാരണം രാഹുല്‍ സ്വയം വഴി തെറ്റുന്നതാണ്. രാഹുല്‍ ഗാന്ധിക്ക് ദിശാബോധമില്ല. 50 വര്‍ഷത്തോളമായി തങ്ങളൊക്കെ രാഷ്ട്രീയത്തിലുണ്ട്. തങ്ങളെയൊന്നും ആരും വഴി തെറ്റിച്ചിട്ടില്ലല്ലോ. രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയേയും സോണിയാ ഗാന്ധിയേയും രാജീവ് ഗാന്ധിയേയും പണ്ഡിറ്റ് നെഹ്‌റുവിനേയും വഴി തെറ്റിച്ചിട്ടില്ലലോ. രാഹുല്‍ ഗാന്ധി മാത്രമെങ്ങനെയാണ് വഴി തെറ്റി പോകുന്നത്, ഗുലാം നബി ആസാദ് ചോദിച്ചു.
തന്നെപ്പോലുളള മുതിര്‍ന്ന നേതാക്കളേക്കാള്‍ കോണ്‍ഗ്രസിലെ യുവതലമുറ ഇന്നത്തെ നേതൃത്വം കാരണം പത്തിരട്ടിയോളം അതൃപ്തരാണ്. 45 വയസ്സിന് താഴെയുളള യുവനേതാക്കളെല്ലാം കോണ്‍ഗ്രസ് വിട്ട് പോകുന്നതിന് കാരണം അതാണെന്നും ഗുലാം നബി ആസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.












Click it and Unblock the Notifications