സുനന്ദയെ മിസ് ചെയ്യുന്നെന്ന് തരൂര്‍
ദില്ലി: സുനന്ദ പുഷ്‌കറിനെ ഒരുപാട് മിസ് ചെയ്യുന്നു എന്ന് ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. കഴിഞ്ഞ നാലുവര്‍ഷമായി അത്രയും അഗാധമായ അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. സുനന്ദയുടെ മരണത്തിന് ശേഷമുള്ള ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലഘട്ടമാണ് എന്നും ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവേ തരൂര്‍ പറഞ്ഞു.
തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ ചിലര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ചതായും തരൂര്‍ പറഞ്ഞു. ഭാഗ്യവശാല്‍ സുനന്ദയുടെ മകനും അച്ഛനും സഹോദരന്മാരും തന്നോടൊപ്പം നിന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുകാര്യവും എനിക്ക് ഒളിച്ചുവെക്കാനില്ല. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ താന്‍ തൃപ്തനല്ല എന്നും തരൂര്‍ പറഞ്ഞു.

പോലീസ് ഇതുവരെയായിട്ടും എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടില്ല എന്ന കാര്യം വ്യക്തമാണ്. ചാര്‍ജ് ഷീറ്റില്ല. കേസ് പോലും എടുത്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സംഘം ഉടന്‍ തന്നെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നറിയാന്‍ കുടുംബക്കാര്‍ക്ക് ആകാംക്ഷയുണ്ട്.
സുനന്ദയുടെ മരണവാര്‍ത്തയറിഞ്ഞ് താന്‍ തകര്‍ന്നുപോയതായും തരൂര്‍ പറഞ്ഞു. ഞങ്ങളുടെ ദാമ്പത്യജീവിതം സന്തോഷമുള്ളതായിരുന്നു. മറ്റ് സാധാരണ ദമ്പതികളെ പോലെ തന്നെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളൂ. ഒരുപാട് ഓര്‍മകള്‍ എനിക്ക് തന്നാണ് സുനന്ദ പോയത്. സുനന്ദയെ മിസ് ചെയ്യാത്ത ഒരു ദിവസം പോലുമില്ല - മന്ത്രി പറഞ്ഞു.
2014 ജനുവരി 17 നാണ് ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായ സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ പ്രമുഖ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ പോസ്റ്റുകള്‍ വിവാദമാകുന്നതിനിടെയായിരുന്നു 52 കാരിയായ സുനന്ദയുടെ മരണം.












Click it and Unblock the Notifications