പ്രസംഗത്തിനിടെ ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം, 'മോദിയെ താഴെയിറക്കാതെ ഞാൻ മരിക്കില്ല', തിരികെ എത്തി മറുപടി
ശ്രീനഗർ; ജമ്മു കാശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. അധികാരത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കുന്നത് വരെ താൻ മരിക്കില്ലെന്ന് ഖാർഗെ പറഞ്ഞു.
കത്വയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിളിന് ആദാരജ്ഞലി അർപ്പിച്ച് സംസാരിക്കുന്നിനിടയെയാണ് ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ ചേർത്ത് പിടിച്ച് വേദിയിലിരുത്തി. എന്നാൽ അൽപം വെള്ളം കുടിച്ചതിന് ശേഷം അദ്ദേഹം വീണ്ടും പ്രസംഗിക്കാനായി തിരികെയെത്തി.

'സംസ്ഥാന പദവി പുനഃസ്ഥാപിക്കാനായി ഞങ്ങൾ ശക്തമായി പോരാടും. എനിക്ക് 83 വയസായി. ഞാൻ അത്ര പെട്ടെന്നൊന്നും മരിക്കില്ല. നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നത് വരെ ഞാൻ ജീവനോടെ കാണും', ഖാർഗെ പറഞ്ഞു.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ചൂട് കൂടിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അൽപ സമയത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം മറ്റൊരു പ്രചരണ വേദിയായ രാംനഗറിലേക്ക് തിരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. പിതാവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും പ്രതികരിച്ചു.
'ജമ്മു കാശ്മീരിലെ ജസ്റോത്തയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശ്രീ ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായിരുന്നു. അദ്ദേഹത്തെ മെഡിക്കൽ ടീം പരിശോധിച്ചു. രക്തസമ്മർദ്ദം അൽപം കുറവാണെന്നല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിന് ഇല്ല. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ആളുകളുടെ സ്നേഹവും അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കും', പ്രിയങ്ക് എക്സിൽ കുറിച്ചു.
അതേസമയം ജമ്മു കാശ്മീരിൽ ശക്തമായ പ്രചരണമാണ് കോൺഗ്രസ് നടത്തുന്നത്. ഇന്ന് പ്രിയങ്ക ഗാന്ധിയും ജമ്മുവിൽ എത്തി. ബിജെപിക്കെതിരെ തന്റെ പ്രസംഗത്തിലുട നീളം പ്രിയങ്ക ആഞ്ഞടിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവകാശമാണ് സംസ്ഥാന പദവിയെന്നും അത് കവർന്നെടുക്കുകയാണ് ബിജെപി ചെയ്തതെന്നും പ്രിയങ്ക വിമർശിച്ചു. സംസ്ഥാനത്തിന്റെ അവകാശം തന്നെ ഇല്ലാതാക്കിയ ശേഷം അത് തിരികെ നൽകണമെങ്കിൽ തങ്ങൾക്ക് വോട്ട് ചെയ്യൂവെന്നാണ് ബിജെപി ആവശ്യപ്പെടുന്നുതെന്നും പ്രിയങ്ക വിമർശിച്ചു.












Click it and Unblock the Notifications