'മാപ്പ് പറയില്ല, പറഞ്ഞത് സ്നേഹം കൊണ്ട്'; വിവാദത്തിൽ വിശദീകരണവുമായി കമൽഹാസൻ
'കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്' എന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മക്കൾ നീതി മയ്യം പാർട്ടി തലവനും നടനുമായ കമൽഹാസൻ. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും സ്നേഹം കൊണ്ടാണ് താൻ പറഞ്ഞതെന്നും കമൽഹാസൻ പറഞ്ഞു. വിവാദത്തിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
' എന്റെ പ്രസ്താവന പൂർണമായും വളച്ചൊടിച്ചു. ഞാൻ പറഞ്ഞത് സ്നേഹം കൊണ്ടാണ്. പല ചരിത്രകാരന്മാരും ഭാഷയുടെ ചരിത്രം എന്നെ പഠിപ്പിച്ചിട്ടുണ്ട്. സ്നേഹത്തിൽ പറഞ്ഞൊരു കാര്യത്തിന് പുറത്ത് ഞാൻ ഒരിക്കലും മാപ്പ് പറയില്ല. ഞാനുൾപ്പെടെയുള്ള രാഷ്ട്രീയക്കാർക്ക് ഭാഷയെ കുറിച്ചുള്ള കാര്യങ്ങൾ പറയാൻ യോഗ്യതയില്ല', കമൽഹാസൻ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊണ്ട ചരിത്രവും തമിഴ്നാടിന് ഉണ്ടെന്നും കമൽഹാസൻ പറഞ്ഞു. ' ഒരു മേനോൻ മുഖ്യമന്ത്രിയായ, റെഡ്ഡി മുഖ്യനായ, കന്നഡിഗൻ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനം ചുരുക്കമായിരിക്കും. ചെന്നൈയിൽ എനിക്ക് പ്രശ്നം ഉണ്ടായപ്പോൾ കൂടെ നിന്നവരാണ് കന്നഡിഗർ', കമൽഹാസൻ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെ കമൽഹാസൻ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ് എന്നർഥം വരുന്ന 'ഉയിരേ ഉറവേ തമിഴെ' എന്ന വാചകത്തോടെയായിരുന്നു കമൽഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്. ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ് കുമാറിനെ കുറിച്ച് പരാമർശിക്കവെയാണ് കന്നഡയെ കുറിച്ച് നടൻ പ്രതികരിച്ചത്. തുടർന്ന് കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായത് എന്നും കമൽ പറഞ്ഞു. ഈ പ്രസ്താവനയാണ് ചില കന്നഡ സംഘടനകളെ ചൊടിപ്പിച്ചത്. എന്നാൽ പ്രസ്താവനയ്ക്കെതിരെ ചില കന്നഡ അനുകൂല സംഘടനകൾ രംഗത്തെത്തുകയായിരുന്നു. ബെലഗാവി, മൈസൂരു, ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടന്നു.
കന്നഡ ഭാഷയയേയും സംസ്കാരത്തേയും നടൻ അപമാനിച്ചുവെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. ചിലർ നടനെതിരെ ഭീഷണിയും മുഴക്കി. അതേസമയം കന്നഡ അനുകൂല സംഘടനയായ രക്ഷണ വേദിക തലവൻ പ്രവീൺ ഷെട്ടി നടനെതിരെ ബെംഗളൂരു പോലീസിന് പരാതി നൽകി. നടന്റെ പ്രസ്ഥാവന കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും തമിഴർക്കും കന്നഡക്കാർക്കും ഇടയിൽ വിദ്വേഷം ജനിപ്പിക്കാൻ ലക്ഷ്യം വെച്ചാണെന്നും പരാതിയിൽ പറഞ്ഞു.












Click it and Unblock the Notifications